ബദിയടുക്കയിൽ ചുമട്ടു തൊഴിലാളിക്ക് കോവിഡ് പോസിറ്റീവ്. പിന്നാലെ കുടുംബത്തിലെ പത്ത് പേർക്കും രോഗം,
ബദിയടുക്ക∙പഞ്ചായത്തിൽ ചുമട്ടുതൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കുടുംബത്തിലെ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. നീർച്ചാലിലെ ചുമട്ടു തൊഴിലാളിക്ക് 19 നാണ് രോഗം സ്ഥിരീകരിച്ചത്. പുറത്തെവിടെയും പോകാത്ത തൊഴിലാളിയുടെ ഉറവിടം എവിടെയെന്നു കണ്ടെത്താനായിരുന്നില്ല.തുടർന്നു ഇവിടെയുള്ള തൊഴിലാളികളുടെ സ്രവപരിശോധന നടത്തിയപ്പോൾ മറ്റു 2 തൊഴിലാളികൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാൾ ആദ്യം രോഗബാധയുണ്ടായ ആളുടെ സഹോദരനാണ്.തുടർന്നു വീട്ടുകാർക്ക് നടത്തിയ പരിശോധനയിൽ കുടുംബത്തിലെ 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ കോളനിയിൽ 15 വീട്ടുകാരുണ്ട്.
ഇയാളുടെ ഭാര്യയ്ക്കും 2 മക്കൾക്കും കോളനിയിലുള്ള അച്ഛനും അമ്മയ്ക്കും സഹോദരന്റെ ഭാര്യയ്ക്കും ബന്ധുവിനുമാണ് കോവിഡ് പോസിറ്റീവായത്. ഇവർ കോളനിയിലായതിനാൽ മറ്റു കുടുംബങ്ങൾക്കും പകരുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇവിടെയുള്ള 50 പേർക്ക് ഇന്നു ടെസ്റ്റു നടത്തും. രോഗം സ്ഥിരീകരിച്ച മറ്റൊരു തൊഴിലാളി പുത്തിഗെ കോളനിയിലാണ്. ഇവരുടെ പരിശോധന നടത്താനുണ്ട്. 50 വീടുകളുള്ള നീർച്ചാൽ കോളനി റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. നീർച്ചാൽ ടൗൺ കണ്ടെയ്ൻമെന്റ് സോണാണ്.
നൂറു കടകൾ മാത്രമുള്ള ഈ ടൗൺ കണ്ടെയ്ൻമെന്റ് സോണായതോടെ ഇവിടെ നിന്നു 5 കി.മീറ്റർ അപ്പുറമുള്ള ബദിയടുക്ക ടൗണിനെയാണ് ആശ്രയിക്കുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർ ഇവിടെയെത്തുന്നു. ഇതോടെ ബദിയടുക്കയിലും രോഗം പകരുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഉറവിടം കണ്ടെത്താനാകാത്തതിനാൽ പ്രദേശവാസികൾ ഭയത്തിലാണ്. .കോവിഡ് പിടിപെട്ടത് അടയ്ക്ക കൊണ്ടു പോകാൻ ഗുജറാത്തിൽ നിന്ന് ഇവിടെയെത്തുന്ന ചരക്കു ലോറിയിൽ നിന്നാണെന്നാണ് നിഗമനം.