KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍‌ കൂടുതല്‍ കര്‍ശനമാക്കും: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി സര്‍ക്കാര്‍

SHARE THIS ON

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കിയെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കാറ്റഗറി എ,ബി പ്രദേശങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്ബനികള്‍, കമ്മീഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥരെയും സി കാറ്റഗറിയില്‍ 25 ശതമാനം ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളിച്ചാണ് പ്രവര്‍ത്തനം. ഡി വിഭാഗത്തില്‍ അവശ്യ സര്‍വീസ് മാത്രമേ പ്രവര്‍ത്തിക്കൂ.

ഇവിടെയുള്ള ഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാക്കും. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ ക്ലസ്റ്ററുകളാക്കി മൈക്രോ കണ്ടെയിന്‍മെന്‍റ് സോണുണ്ടാക്കും.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ച്‌ മുന്നറിയിപ്പ് വന്നു. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്യുമ്ബോള്‍ കൊവിഡിന് വ്യാപന സാധ്യത കൂടുതലാണ്.

ആഗോള യാത്രകള്‍ വര്‍ധിച്ചത് കൊണ്ട് പകര്‍ച്ചാ നിരക്ക് കൂടുതലുള്ള മഹാമാരിയെ നിയന്ത്രിക്കാന്‍ രാജ്യത്തിനോ ഭൂഖണ്ഡത്തിനോ സാധിക്കില്ല. വിദേശത്ത് രണ്ടാം തരംഗം അവസാനിച്ച ശേഷമാണ് ഇന്ത്യയില്‍ രണ്ടാം തരംഗം തുടങ്ങിയത്.

സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാന്‍ 60 ശതമാനം പേര്‍ക്ക് വാക്സീന്‍ നല്‍കണം. ഇതിനകം ആല്‍ഫ, ബീറ്റ, ഗാമ, ഡെല്‍റ്റ എന്നീ നാലുതരം വൈറസ് വകഭേദം കണ്ടെത്തി. ഡെല്‍റ്റ വ്യാപനനിരക്ക് കൂടിയതും രോഗപ്രതിരോധത്തെ അതിജീവിക്കാന്‍ ഭാഗികമായി ശേഷി ആര്‍ജ്ജിച്ചതുമാണ്. ഇന്ത്യയില്‍ ഇതാണ് ഇപ്പോള്‍ കൂടുതല്‍.

കൊവിഡ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിച്ച്‌ സാമൂഹ്യ പ്രതിരോധ ശേഷി കൈവരിച്ചാല്‍ മൂന്നാം തരംഗം ഉണ്ടാകില്ല. ഇത് സ്വാഭാവികമായി ഉണ്ടാവുന്നതല്ല. നിയന്ത്രണത്തിലെ പാളിച്ചയും വാക്സീന്‍ വിതരണത്തിലെ വീഴ്ചയും മൂലമാണ് ഉണ്ടാവുന്നത്. ഈ ഘട്ടത്തില്‍ അതിവേഗം വാക്സീനേഷന്‍ ഒരു ഡോസെങ്കിലും എല്ലാവര്‍ക്കും നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഡെല്‍റ്റ വൈറസ് സാധ്യതയുള്ളത് കൊണ്ട് ചെറുതും വലുതുമായ ആള്‍ക്കൂട്ടം ഒഴിവാക്കണം. മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്നതിന് വലിയ ശാസ്ത്രീയ അടിത്തറയില്ല. കേവലം നാല് ശതമാനം കുട്ടികളെയാണ് ഇതുവരെ രോഗം ബാധിച്ചത്. മരണനിരക്കും വളരെ കുറവാണ്. എങ്കിലും മള്‍ട്ടി സിസ്റ്റം ഇന്‍ഫര്‍മേറ്ററി സിന്‍ഡ്രോം കുട്ടികളില്‍ കാണുന്നുണ്ട്. അതുകൊണ്ട് കുട്ടികള്‍ക്ക് തീവ്ര പരിചരണം ഒരുക്കുന്നു.

സംസ്ഥാനത്ത് ഇതുവരെ 17709529 പേര്‍ക്ക് വാക്സിന്‍ നല്‍കി. ഇതില്‍ 12464589 പേര്‍ക്ക് ഒരു ഡോസും 5244940 പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും ലഭിച്ചു. കേന്ദ്രത്തില്‍ നിന്ന് വാക്സിന്‍ കൃത്യമായി ലഭിക്കുകയാണെങ്കില്‍ ഇപ്പോള്‍ കേരളം വാക്സീന്‍ വിതരണം ചെയ്യുന്ന വേഗത്തില്‍ മൂന്ന് മാസത്തിനുള്ളില്‍ 60 ശതമാനം പേര്‍ക്ക് വാക്സീന്‍ നല്‍കാനാവും.

രോഗം വന്ന് ഭേദമായവരുടെ എണ്ണം കൂടിയിട്ടുണ്ട്. വാക്സീന്‍ ലഭിക്കുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താല്‍ സാമൂഹ്യ പ്രതിരോധ ശേഷി അധികം വൈകാതെ കൈവരിക്കാനാവും. എന്നാല്‍ ഇത് കൈവരിച്ചാല്‍ പോലും കൊവിഡ് പെരുമാറ്റച്ചട്ടം പെട്ടെന്ന് പിന്‍വലിക്കാനാവില്ല. വാക്സീനെടുത്തവരിലും രോഗം വന്ന് പോയവരിലും വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വാക്സീന്‍ എടുത്തവരും പെരുമാറ്റച്ചട്ടം പാലിക്കണം.

പോസിറ്റീവ് കേസുകള്‍ ഇപ്പോള്‍ ഒരേ നിലയില്‍ നില്‍ക്കുകയാണ്. ഈ ദിവസങ്ങളില്‍ കാണുന്നത് ചെറിയ വര്‍ധനവാണ്. മറ്റിടങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലയാണ് ഇവിടെ. ഇതില്‍ നാം വല്ലാതെ വ്യാകുലപ്പെടേണ്ടതില്ല. ആരോഗ്യ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാവും വിധം രോഗികളുടെ എണ്ണം നിയന്ത്രിക്കാനാവും. മരണനിരക്ക് മറ്റേത് പ്രദേശത്തേക്കാളും കുറച്ച്‌ നിര്‍ത്താനാവും. മറ്റ് രോഗാവസ്ഥ ഉള്ളവര്‍ക്കിടയിലാണ് കൊവിഡ് ഗുരുതരമാകുന്നത്.

അത്തരം രോഗാവസ്ഥകള്‍ ഉള്ളവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണം. കൃത്യമായ ചികിത്സ മുടക്കം കൂടാതെ ഉറപ്പാക്കണം. കൊവിഡ് ഇതര രോഗം ചികിത്സിക്കാന്‍ സൗകര്യം സര്‍ക്കാര്‍ ആശുപത്രികളില്‍ പുനരാരംഭിച്ചു. ഇത് ഉപയോഗിക്കണം. ഇത്തരം രോഗാവസ്ഥ ഉള്ളവര്‍ കൊവിഡ് ബാധിച്ചാല്‍ വീട്ടില്‍ കഴിയാതെ ആശുപത്രികളില്‍ പ്രവേശിക്കണം. കൂട്ടിരിപ്പുകാരെ അനുവദിക്കുന്നുണ്ട്. അതുകൊണ്ട് ആശുപത്രിയില്‍ ബുദ്ധിമുട്ട് ലഘൂകരിക്കാനാവും. അനുബന്ധ രോഗം ഉള്ളവര്‍ വാക്സീന്‍ കഴിയാവുന്ന വേഗത്തില്‍ എടുക്കണം. അവര്‍ക്ക് വാക്സീന്‍ ലഭിക്കാന്‍ മുന്‍ഗണനയുണ്ട്.

ഇതുവരെ സംസ്ഥാനത്ത് 40000 ത്തോളം ഗര്‍ഭിണികള്‍ വാക്സീനെടുത്തു. ചിലര്‍ വിമുഖത കാണിക്കുന്നു. ഇവര്‍ സ്വന്തം സുരക്ഷയും കുഞ്ഞിന്‍റെ സുരക്ഷയും കണക്കിലെടുത്ത് വാക്സീനെടുക്കണം. കൊവിഡ് ബാധിച്ചാല്‍ ഏറ്റവുമധികം ഗുരുതരമാകാന്‍ സാധ്യതയുള്ളവരാണ് ഗര്‍ഭിണികള്‍. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച നിരവധി ഗര്‍ഭിണികള്‍ ഗുരുതരാവസ്ഥയിലായി, അപൂര്‍വം പേര്‍ മരിച്ചു. പലതരം പരീക്ഷണ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗര്‍ഭിണികള്‍ വാക്സീന്‍ എടുക്കണം.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്സീന്‍ നല്‍കാന്‍ കേന്ദ്രം നേരത്തെ അനുമതി നല്‍കിയിരുന്നു. ഗര്‍ഭാവസ്ഥയിലെ അവസാന മാസങ്ങളില്‍ ഒന്നാം ഡോസ് വാക്സീനെടുത്താലും മുലയൂട്ടുന്ന സമയത്ത് രണ്ടാം ഡോസ് വാക്സീന്‍ എടുക്കാം. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യത്തിന് ഉപരിയായി രോഗികളുടെ എണ്ണം വര്‍ധിച്ചില്ല. അതാണ് കേരളത്തില്‍ മരണനിരക്ക് കുറയാന്‍ കാരണം.

ഒന്നാം ഘട്ട വ്യാപന കാലത്തെ പ്രതിരോധ നടപടിയുടെ ഫലമായാണ് വലിയ വിഭാഗം ജനത്തിന് രോഗം ബാധിക്കാതെ ഇരുന്നത്. ഇതിനകം 18 വയസിന് മുകളിലുള്ള 50 ശതമാനത്തിന് ഒരു ഡോസ് വാക്സീന്‍ നല്‍കി. മറ്റുള്ളവര്‍ക്ക് കൂടി അതിവേഗം വാക്സീനേഷന്‍ നടത്താനായാല്‍ അധികം വൈകാതെ 70 ശതമാനം പേര്‍ക്ക് രോഗപ്രതിരോധം ലഭ്യമാക്കും.

2021 ജനുവരി 16 മുതല്‍ സംസ്ഥാനം മികച്ച രീതിയില്‍ കൊവിഡ് വാക്സീന്‍ വിതരണം നടത്തുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദ്ദേശം പ്രകാരമാണ് വാക്സീനേഷന്‍. ഇതുവരെ 1.77 കോടി ഡോസ് ഇതുവരെ നല്‍കി. ഒന്നാം ഘട്ടം മുതല്‍ വാക്സീന്‍ വിതരണത്തില്‍ സ്വകാര്യ വാക്സീനേഷന്‍ സെന്‍റര്‍ സജീവ പങ്കാളിത്തം വഹിച്ചു. പ്രാരംഭ ഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിന്‍റെ സെഷന്‍ സെന്‍ററുകളായിരുന്നു.

2021 മാര്‍ച്ച്‌ ഒന്ന് മുതല്‍ 2021 ഏപ്രില്‍ 30 വരെ സ്വകാര്യ വാക്സീനേഷന്‍ സെന്‍ററുകള്‍ക്ക് 150 രൂപ നിരക്കില്‍ കൊവിഡ് വാക്സീന്‍ നല്‍കി. 250 രൂപയ്ക്ക് പൊതുജനത്തിന് വാക്സീന്‍ ലഭിക്കുകയും ചെയ്തു. 2021 മെയ് ഒന്ന് മുതല്‍ പുതിയ വാക്സീനേഷന്‍ നയം നടപ്പിലാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!