KSDLIVENEWS

Real news for everyone

അപകടസ്ഥലത്തേയ്ക്ക് ലോറിയുമായി അർജുൻ; ദേശീയപാതയിലെ വിവിധ സിസിടിവി ദൃശ്യങ്ങൾ പുറത്ത്– വിഡിയോ

SHARE THIS ON

കാർവാർ (കർണാടക): കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറി ഷിരൂരിലെ അപകടസ്ഥലത്തേക്ക് പോകുന്ന വിഡിയോ ദൃശ്യങ്ങൾ കർണാടക പൊലീസിനു ലഭിച്ചു. കന്യാകുമാരി–പനവേൽ ദേശീയപാത 66ൽ മംഗളൂരു–ഗോവ റൂട്ടിൽ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് അർജുൻ ഓടിച്ച ലോറി വൻ മണ്ണിടിച്ചിലിൽ പെട്ടത്. ചൊവ്വാഴ്ച രാവിലെ 8.30ന് ആയിരുന്നു അപകടം. ലോറിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി കാർവാർ എസ്പി എം.നാരായണ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. അർജുൻ സഞ്ചരിച്ച ലോറി അപകട സ്ഥലത്തേക്ക് എത്തിയോ എന്ന് ഉറപ്പാക്കാനാണ് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചത്. അർജുനെയും ലോറിയെയും കണ്ടെത്താൻ എട്ടാം ദിവസവും തിരച്ചിൽ തുടരുകയാണ്.

അർജുൻ അപകട സ്ഥലത്തേക്ക് പോയോ എന്ന് ഉറപ്പാക്കാനായി ദേശീയപാതയിലെ നിരവധി സിസിടിവികൾ പരിശോധിച്ചതായി കർണാടക പൊലീസ് പറഞ്ഞു. ഇതിൽ ചില ദൃശ്യങ്ങളാണ് പൊലീസിൽനിന്ന് മാധ്യമങ്ങൾക്ക് ലഭിച്ചത്. അർജുൻ സഞ്ചരിച്ച ലോറി അപകടം നടന്ന ഭാഗത്തേക്ക്  ദേശീയപാതയിലൂടെ പോകുന്ന  വ്യത്യസ്ത സമയങ്ങളിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. അപകടം നടന്ന സ്ഥലത്തിനുശേഷമുള്ള സിസിടിവികളിൽ ലോറിയുടെ ദൃശ്യം കണ്ടെത്താനായിട്ടില്ല. ഇതോടെയാണ്, അർജുൻ മണ്ണിടിച്ചിലിൽ കുടുങ്ങിയെന്ന് പൊലീസ് ഉറപ്പിച്ചത്.


കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ പ്രേമന്റെയും ഷീലയുടെയും മകൻ അർജുൻ മലപ്പുറം എടവണ്ണപ്പാറയിലേക്ക് തടിയുമായി വരികയായിരുന്നു. 16ന് രാവിലെ വരെ വീട്ടുകാരുമായി സംസാരിച്ചിരുന്നു. ഒരുവശത്ത് ചെങ്കുത്തായ മലനിരകളും മറുവശത്തു ഗംഗാവലി നദിയുമുള്ള സ്ഥലത്താണ് അപകടം. ഇവിടെ നിരപ്പായ ഭാഗത്ത് ലോറി ഡ്രൈവർമാർ വിശ്രമിക്കുകയും ഭക്ഷണം കഴിക്കുകയും കുളിക്കുകയും ചെയ്യാറുണ്ട്. ലോറി ഇവിടെ നിർത്തിയപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്. ഗംഗാവാലി നദിയിൽ തീരത്തുനിന്നു 40 മീറ്റർ മാറി 8 മീറ്റർ ആഴത്തിൽ ഒരു വസ്തുവിന്റെ സിഗ്നൽ ലഭിച്ചത് പ്രതീക്ഷ നൽകുന്നുണ്ട്. ഈ ഭാഗത്ത് നാവികസേന തിരച്ചിൽ നടത്തുകയാണ്.

error: Content is protected !!