KSDLIVENEWS

Real news for everyone

ഉത്തരക്കടലാസ് കാണാനില്ല, ലിസ്റ്റിൽ മാർക്കുകൾ മാറി; വിദ്യാർഥികളെ വലച്ച് കാലിക്കറ്റ് സർവകലാശാല

SHARE THIS ON

തേഞ്ഞിപ്പലം: എഴുതിയ പരീക്ഷയുടെ ഫലം നോക്കിയപ്പോൾ വിത്ഹെൽഡ് (ഫലം തടഞ്ഞുവെച്ചിരിക്കുന്നു) എന്നുകണ്ട് അന്വേഷിക്കാനാണ് മുക്കം എം.എ.എം.ഒ. കോളേജിലെ രണ്ടു വിദ്യാർഥികൾ കാലിക്കറ്റ് സർവകലാശാലയിലെത്തിയത്. ബി.എസ്‌സി. ഫിസിക്സ് നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയാണ് രണ്ടുപേരും എഴുതിയിരുന്നത്.

പലതവണ സർവകലാശാലയിലെത്തി അന്വേഷിച്ചു. ഉത്തരക്കടലാസുകൾ ലഭിച്ചിട്ടില്ലെന്നായിരുന്നു മറുപടി. പരിഹാരമായി രണ്ടുപേരോടും ഒരിക്കൽകൂടി പരീക്ഷ എഴുതിക്കോളാനും പരീക്ഷാ ഫീസ് ഒഴിവാക്കിത്തരാമെന്നും പറഞ്ഞു. അങ്ങനെ രണ്ടുപേരും വീണ്ടും പരീക്ഷയ്ക്ക് ഒരുങ്ങി. ഫീസ് ഇളവൊന്നും കിട്ടിയില്ല.

വീണ്ടും പരീക്ഷയെഴുതിയെങ്കിലും ഫലംവന്നപ്പോൾ വിത് ഹെൽഡ് തന്നെ. രണ്ടാമതെഴുതിയ പരീക്ഷയിൽ വിദ്യാർഥികൾ തോറ്റെന്നും വീണ്ടും പരീക്ഷയെഴുതാനായി തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിക്കാമെന്നുമായിരുന്നു അധികൃതരുടെ മറുപടി. ഉത്തരക്കടലാസ് സർവകലാശാലയിലേക്ക് അയച്ചതായും ഇതിന്റെ തപാൽ രേഖകൾ ഫയലിലുണ്ടെന്നും കോളേജ് അധികൃതർ ‘മാതൃഭൂമി’യോടു പറഞ്ഞു.

വിഷയം പരീക്ഷാ സ്ഥിരംസമിതിയുടെ കീഴിലാണെന്നാണ് സർവകലാശാല അധികൃതർ ഇപ്പോൾ പറയുന്നത്. ആരോ ഉത്തരക്കടലാസ് നഷ്ടപ്പെടുത്തിയതിന്റെ ഫലമായി വീണ്ടും വീണ്ടും പരീക്ഷയെഴുതി കാലംകളയേണ്ട ഗതികേടിലാണ് ഈ വിദ്യാർഥികളിപ്പോൾ.

ഫലംമാറി 18 കുട്ടികൾ

പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ ഒരുവിഭാഗം വിദ്യാർഥികൾക്ക് മാർക്കുകൾ മാറിപ്പോയതാണ് പ്രശ്നം. ഒന്നാം സെമസ്റ്റർ എം.എസ്‌സി. ഫിസിക്സിലെ ‘മാത്തമാറ്റിക്സ് ഫിസിക്സ്’ പരീക്ഷയുടെ ഫലം വന്നപ്പോൾ പലർക്കും പ്രതീക്ഷിച്ച മാർക്കില്ല. റെഗുലർ പരീക്ഷയെഴുതിയ 15 പേരുടെയും സപ്ലിമെന്ററി പരീക്ഷയെഴുതിയ മൂന്നു പേരുടെയും മാർക്കുകളാണ് പരസ്പരം മാറിപ്പോയത്.

ലഭിച്ച മാർക്കിൽ സംശയംതോന്നിയ ഒരു വിദ്യാർഥി പുനർമൂല്യനിർണയത്തിന് കൊടുത്തെങ്കിലും ആദ്യത്തെ അതേ മാർക്കുതന്നെ ലഭിച്ചു. വിദ്യാർഥി സർവകലാശാലയിൽ നേരിട്ടെത്തി ഉത്തരക്കടലാസുകൾ പരിശോധിച്ചപ്പോഴാണ് ഉത്തരക്കടലാസിൽ രേഖപ്പെടുത്തിയ മാർക്കല്ല മാർക്ക് ലിസ്റ്റിൽ രേഖപ്പെടുത്തിയതെന്നു മനസ്സിലായത്. 18 പേരുടെയും മാർക്കുകൾ ഇത്തരത്തിൽ പരസ്പരം മാറിപ്പോയിരുന്നു.

ബാർകോഡ് പതിപ്പിച്ചതിലെ തകരാറാണ് ഉത്തരക്കടലാസുകളും ലിസ്റ്റും തമ്മിൽ മാറാൻ കാരണമെന്നാണ് അധികൃതരുടെ മറുപടി. ഈ പ്രശ്നവും ഇനിയും പരിഹരിച്ചിട്ടില്ല.

പരിഹരിക്കാൻ ശ്രമിക്കുന്നു

ലക്ഷക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന സർവകലാശാലയാണിത്. പലതലങ്ങളിലും പിശകുകൾ ഉണ്ടായെന്നുവരാം. തിരുത്താൻ ശ്രമങ്ങൾ നടത്തുന്നുണ്ട്. വിദ്യാർഥികളെ മനഃപൂർവം ബുദ്ധിമുട്ടിക്കുന്നതല്ല. അവർ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസ്സിലാക്കുന്നുണ്ട്.

(സർവകലാശാലയുടെ വിശദീകരണം)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!