ഇന്‍ജുറി ടൈമില്‍ ഡിയാസിന്റെ ഗോള്‍; ഡ്യൂറാന്‍ഡ് കപ്പില്‍ ബെംഗളൂരുവിനോട് തോറ്റ് ബ്ലാസ്റ്റേഴ്സ് പുറത്ത്

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്ബോളില്‍ വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബെംഗളൂരു എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് സെമി കാണാതെ പുറത്ത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോല്‍വി. ഇന്‍ജുറി ടൈമിന്റെ നാലാം മിനിറ്റില്‍ മുന്‍ ബ്ലാസ്റ്റേഴ്സ് താരം കൂടിയായിരുന്ന യോര്‍ഹെ പെരേര ഡിയാസാണ് ബെംഗളൂരുവിന്റെ വിജയ ഗോള്‍ നേടിയത്. ഓഗസ്റ്റ് 27-ന് നടക്കുന്ന സെമിയില്‍ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.
ആദ്യ പകുതിയില്‍ പതിഞ്ഞ തുടക്കമായിരുന്നു ഇരുടീമുകളും നടത്തിയത്. ബെംഗളൂരു പതിയെപ്പതിയെ ആക്രമണ ശൈലിയിലേക്ക് നീങ്ങിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് കൗണ്ടര്‍ അറ്റാക്കുകളുമായി മുന്നേറി. പന്ത് കൂടുതല്‍ കൈവശംവെച്ച് കളിച്ചത് ബെംഗളൂരുവാണെങ്കിലും ഇരു ടീമിനും ഗോള്‍ നേടാനാകാതെ ഒന്നാംപകുതി അവസാനിച്ചു.
രണ്ടാംപകുതിയിലും ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. 67-ാം മിനിറ്റില്‍ സുനില്‍ ഛേത്രി ശിവാല്ഡോയ്ക്ക് പകരക്കാരനായി ഇറങ്ങിയെങ്കിലും ഗോള്‍ വന്നില്ല. 94-ാം മിനിറ്റില്‍ ബെംഗളൂരുവിന് അനുകൂലമായി ലഭിച്ച കോര്‍ണറാണ് മത്സരത്തിന്റെ വിധിയെഴുതിയത്. ലാല്‍റെംത്ലുംഗ ഫനായുടെ ഷോട്ട് പെരേര ഡിയാസ് പോസ്റ്റിലേക്ക് പായിച്ചു.

