KSDLIVENEWS

Real news for everyone

ധര്‍മസ്ഥല കേസ്: പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍; അടിമുടി ദൂരൂഹത

SHARE THIS ON

ധര്‍മസ്ഥല: കർണാടകയിലെ ധർമസ്ഥലയില്‍ കൂട്ടബലാത്സംഗങ്ങളും കൊലപാതകങ്ങളും നടന്നുവെന്ന് ആരോപിച്ച പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റില്‍. തെറ്റായ വിവരങ്ങളും വ്യാജ തെളിവുകളും നല്‍കിയെന്ന് ആരോപിച്ചാണ് കർണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.

1995-2014 കാലഘട്ടത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങള്‍ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു മുൻ ശുചീകരണ തൊഴിലാളി ധർമസ്ഥല പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാള്‍ കോടതിയില്‍ നേരിട്ട് ഹാജരായി മൊഴിയും തെളിവും നല്‍കി.

ഈ കാലയളവില്‍ ധർമസ്ഥലയില്‍ ശൂചീകരണ തൊഴിലാളിയായി ജോലി ചെയ്തയാളാണ് പരാതിക്കാരൻ. ഈ കാലഘട്ടത്തില്‍ കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ ഇരകളെന്ന് ആരോപിക്കപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കാൻ നിർബന്ധിതനായെന്ന് കാണിച്ച്‌ ജൂലൈ മൂന്നിന് പരാതി നല്‍കി. ജൂലൈ 11-ന്, അദ്ദേഹം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കൈമാറുകയും ചെയ്തു.

ധർമസ്ഥല കേസില്‍ വൻ ട്വിസ്റ്റ്; തനിക്ക് അനന്യയെന്ന മകളില്ല, പറഞ്ഞതെല്ലാം കള്ളമെന്ന് സുജാത ഭട്ട്

കണ്ടെടുത്ത അവശിഷ്ടങ്ങള്‍ ഒരു സ്ത്രീയുടേതാണെന്നാണ് അയാള്‍ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാല്‍, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറി (FSL) റിപ്പോർട്ടില്‍ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചതോടെ, കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാള്‍ക്കെതിരെ കേസെടുത്തു. പരാതി നല്‍കിയതുമുതല്‍ ഇദ്ദേഹം വിറ്റ്നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാല്‍, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി.

ധർമ്മസ്ഥലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ രഹസ്യമായി കുഴിച്ചിട്ടിട്ടുണ്ടെന്ന ശുചീകരണ തൊഴിലാളിയുടെ ആരോപണത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചത്. അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ 17 വ്യത്യസ്ത സ്ഥലങ്ങളില്‍ ഖനനം നടത്തി. ഇതില്‍ ആറാം നമ്ബർ സ്ഥലത്തുനിന്നും, പതിനൊന്നാം നമ്ബർ സ്ഥലത്തിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടില്‍നിന്നും മാത്രമാണ് അവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്.

‘അനന്യ ഭട്ട് എന്നൊരാളില്ല’; കാണാതായ മെഡിക്കല്‍ വിദ്യാർഥിയുടെ കേസില്‍ വൻ ട്വിസ്റ്റ്

കർണാടകയിലെ ധർമസ്ഥലയില്‍ 2003-ല്‍ കാണാതായ അനന്യ ഭട്ടിന്റെ തിരോധാനം നുണക്കഥയാണെന്ന് അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട്. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്തതെന്നും സുജാത ഭട്ട് ഇൻസൈറ്റ് റഷ് ചാനലിനോട് പറഞ്ഞു.

“ഗിരീഷ് മട്ടന്നവറും ടി. ജയന്തും പറഞ്ഞതുകൊണ്ടാണ് താൻ കള്ളം പറഞ്ഞത്. ദയവായി എന്നോട് ക്ഷമിക്കണം, എനിക്കൊരു തെറ്റുപറ്റി. ധർമസ്ഥലയോടും കർണാടകയിലെ ജനങ്ങളോടും രാജ്യത്തെ ജനങ്ങളോടും താൻ ക്ഷമ ചോദിക്കുന്നു. ഈ വിവാദം അവസാനിപ്പിച്ച്‌ സമാധാനപരമായി ജീവിക്കാൻ ആഗ്രഹിക്കുന്നു. ജനങ്ങളോട് ഞാൻ കള്ളം പറഞ്ഞു. ദയവായി ഈ വിവാദത്തില്‍ നിന്ന് ഒഴിവാക്കണം.”- ഇവർ പറഞ്ഞു.

സുജാതയ്ക്ക് മകളില്ലെന്നും വാസ്തവിരുദ്ധമായ കാര്യങ്ങളാണ് അവർ പറയുന്നതെന്നും സഹോദരൻ പറഞ്ഞു. അവർ ഒൻപതാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വീട് വിട്ട് പോയതാണ്. നാല്‍പ്പത് വർഷത്തിനിടയില്‍ അത്യപൂർവ്വമായി ഞങ്ങളെ സന്ദർശിച്ചിട്ടുണ്ട്. കുടുംബവുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. ഒരു വർഷത്തിന് മുൻപ് വീട്ടില്‍ വന്നു. ബെംഗളൂരുവിലാണ് താമസമെന്നും ഇപ്പോള്‍ കോടീശ്വരിയാണെന്നും പറഞ്ഞു. അപ്പോള്‍ പോലും മകളെക്കുറിച്ചോ കുടുംബത്തെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (SIT) സുജാത ഭട്ടിന് നോട്ടീസ് നല്‍കിയിരുന്നു. ബെല്‍ത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസില്‍ ഹാജരാകാനും മകള്‍ അനന്യ ഭട്ടുമായി ബന്ധപ്പെട്ട രേഖകള്‍ സമർപ്പിക്കാനും എസ്‌ഐടി അവരോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.

അങ്ങനെയൊരു വിദ്യാർഥി പഠിച്ചിട്ടില്ലെന്ന് കോളേജ് അധികൃതർ

തന്റെ മകള്‍ അനന്യ ഭട്ട് മെംഗളൂരുവിലും മണിപ്പാലിലും മെഡിക്കല്‍ വിദ്യാർത്ഥിനിയായിരുന്നു എന്നാണ് സുജാത ഭട്ട് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളിലെ ഔദ്യോഗിക രേഖകളിലൊന്നും അനന്യ ഭട്ടിന്റെ പേരില്‍ അഡ്മിഷൻ രേഖകള്‍ നിലവിലില്ലെന്ന് എസ്‌ഐടി കണ്ടെത്തി. പാസ്പോർട്ട് വലുപ്പത്തിലുള്ള ഒരു ഫോട്ടോയല്ലാതെ, അവർ ജീവിച്ചിരുന്നു എന്നതിന് മറ്റൊരു തെളിവും ഇതുവരെ ഹാജരാക്കിയിട്ടില്ല.

‘ഫോട്ടോയിലുള്ളത് അനന്യയല്ല, വാസന്തി’

സുജാത ഭട്ട് അവരുടെ കാണാതായ മകളുടേതാണെന്ന് അവകാശപ്പെടുന്ന ഫോട്ടോയിലുള്ളത് അനന്യ ഭട്ടല്ല, മറിച്ച്‌ സുജാത പ്രണയ ബന്ധത്തിലായിരുന്ന രംഗപ്രസാദ് എന്നയാളുടെ മരുമകള്‍ വാസന്തിയാണെന്നും റിപ്പോർട്ടില്‍ പറയുന്നു. 2005 വരെ ശിവമോഗയിലെ റിപ്പണ്‍പേട്ടില്‍ പ്രഭാകർ ബാലിഗയ്ക്കൊപ്പമാണ് സുജാത താമസിച്ചിരുന്നത്. പിന്നീട്, അവർ ബെംഗളൂരുവിലേക്ക് താമസം മാറി രംഗപ്രസാദ് എന്ന വ്യക്തിയുമായി പ്രണയ ബന്ധത്തിലായി. ബിഇഎല്‍ ജീവനക്കാരനായിരുന്ന രംഗപ്രസാദ്, ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ശ്രീവത്സ എന്ന മകനും ഒരു മകളും അദ്ദേഹത്തിനുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരുന്നു. രംഗപ്രസാദിന്റെ മകൻ ശ്രീവത്സയും മരുമകള്‍ വാസന്തിയും കെങ്കേരിയിലെ അവരുടെ വീട്ടില്‍ താമസിച്ചിരുന്നപ്പോള്‍, സുജാത ഒരു സഹായിയായി രംഗപ്രസാദിന്റെ വീട്ടില്‍ വരികയായിരുന്നു. പിന്നീട് അവർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. രംഗപ്രസാദിന്റെ മുന്നില്‍ വെച്ച്‌ അദ്ദേഹത്തിന്റെ മകൻ ശ്രീവത്സനെയും മരുമകളെയും കുറിച്ച്‌ മോശമായി സംസാരിക്കാൻ തുടങ്ങിയെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഭർത്താവ് ശ്രീവത്സയില്‍നിന്ന് വേർപിരിഞ്ഞ് കുടകിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങിയ വാസന്തി 2007-ല്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ചു. ഭാര്യയുടെ മരണശേഷം, മദ്യപാനം മൂലം ശ്രീവത്സയുടെ ആരോഗ്യം ക്ഷയിച്ചു. ഇത് അവരുടെ കുടുംബ സ്വത്തിന്മേല്‍ നിയന്ത്രണം ഉറപ്പിക്കാൻ സുജാതയെ സഹായിച്ചു. ഒടുവില്‍ സുജാത ഒരു റിയല്‍ എസ്റ്റേറ്റ് ബ്രോക്കർ വഴി രംഗപ്രസാദിന്റെ വീട് വിറ്റു. കിടപ്പിലായ ശ്രീവത്സ വാടക വീട്ടിലേക്ക് താമസം മാറി, അതേസമയം രംഗപ്രസാദിന് വീടില്ലായിരുന്നു. ശ്രീവത്സ 2015 ല്‍ മരിച്ചു. കുടുംബത്തില്‍ നിന്ന് വേർപിരിഞ്ഞ രംഗപ്രസാദ് ഈ വർഷം ജനുവരി 12-ന് മരിച്ചു. പിന്നീട് സുജാത 20 ലക്ഷം രൂപയുമായി വീട് മാറുകയായിരുന്നുവെന്നും റിപ്പോർട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!