കുമ്പള ആരിക്കാടി ടോൾ ഗേറ്റ് 60 ദിവസത്തിനകം പണിയാൻ നിർദേശം; പൊലീസ് സംരക്ഷണംതേടി നിർമാണക്കമ്പനി

കുമ്പള: ദേശീയപാത 66ലെ കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ നിർമാണം പുനരാരംഭിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെത്തുടർന്ന് പണി തുടരാൻ പൊലീസ് സംരക്ഷണംതേടി കരാർ കമ്പനി. 60 ദിവസത്തിനുള്ളിൽ നിർമാണം തീർക്കണമെന്നാണ് കരാർ കമ്പനിയോട് ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്നാണ് നിർമാണം പുനരാരംഭിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. നിർമാണം തടഞ്ഞുവച്ചിരിക്കുകയാണെന്നും പുനരാരംഭിക്കാൻ ആവശ്യമായ സംരക്ഷണം നൽകണമെന്നും സൊസൈറ്റി അധികൃതർ കലക്ടറെ അറിയിച്ചിട്ടുണ്ട്.
നിർമാണത്തിനെതിരെ നാട്ടുകാർ നൽകിയ ഹർജികൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിയതിനെത്തുടർന്നാണ് വ്യാഴാഴ്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളികൾ ഇവിടെ കുഴികളുടെ നിർമാണം പൂർത്തിയാക്കുന്നതിന് പണി ആരംഭിച്ചത്. ഈ സമയത്ത് ടോൾ പ്ലാസ വിരുദ്ധ കർമസമിതി പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയെത്തി നിർമാണം തടഞ്ഞിരുന്നു.പണി നിർത്തിയെങ്കിലും പിന്നീട് പൊലീസ് സഹായത്തോടെ വീണ്ടും തുടങ്ങിയപ്പോൾ വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ സമിതി ഭാരവാഹികൾതന്നെ രംഗത്തുവന്നു തടഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അഷ്റഫ് കർള, കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, സി.എ.സുബൈർ, എ.കെ.ആരിഫ്, ലക്ഷ്മണ പ്രഭു, അൻവർ ആരിക്കാടി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. സ്റ്റേഷനിലെത്തിച്ചശേഷം ജാമ്യത്തിൽ വിട്ടയച്ചു. 6 പേർക്കെതിരെയാണ് കേസ്.ടോൾ പ്ലാസ വരുന്നതിനെതിരെ നിയമനടപടികളും സമരവും തുടരുമെന്ന് എ.കെ.എം.അഷ്റഫ് എംഎൽഎ പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ കൂടുതൽ രേഖകൾകൂടി ഹാജരാക്കി, നിർമാണം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകും. ടോൾ പ്ലാസ നിർമിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്നും എംഎൽഎ വ്യക്തമാക്കി.
പ്രശ്നം സംബന്ധിച്ച് ജില്ലയിലെ എല്ലാ എംഎൽഎമാരെയും ഉൾപ്പെടുത്തി കലക്ടർ യോഗം വിളിച്ചുചേർക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ അഷ്റഫ് കർള പറഞ്ഞു.ടോൾ പ്ലാസ സ്ഥാപിക്കുന്നതിനെതിരെ നൽകിയ ഹർജികൾ തള്ളുകയും ഇക്കാര്യത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു കണ്ടെത്തി നിർമാണവുമായി മുന്നോട്ടുപോകാൻ ദേശീയപാത അതോറിറ്റിക്കു ഹൈക്കോടതി അനുമതി നൽകുകയും ചെയ്ത സാഹചര്യത്തിൽ നിർമാണം പുനരാരംഭിച്ചപ്പോഴാണ് നിർമാണം തടഞ്ഞതെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി അധികൃതർ പറഞ്ഞു.
അതേസമയം കോടതി വിധിയിലൂടെ കുമ്പളയിൽ ടോൾ ഗേറ്റ് നിലവിൽ വന്നാൽ നിർദിഷ്ട പരിധിയിലുള്ള കുമ്പള, പുത്തിഗെ, മംഗൽപാടി പഞ്ചായത്തുകളിലെയും മറ്റു ഭാഗങ്ങളിലും സ്ഥിരമായി ഓടുന്ന എല്ലാ വാഹനങ്ങൾക്കും സൗജന്യയാത്ര അനുവദിക്കണമെന്ന് ബിജെപി കുമ്പള മണ്ഡലം കമ്മിറ്റി അധ്യക്ഷൻ സുനിൽ അനന്തപുരം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മന്ത്രി നിധിൻ ഗഡ്കരിക്കു കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ടോൾ പ്ലാസ നിർമാണം സംബന്ധിച്ച് ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമായി ഇടപെടാൻ കഴിയില്ലെന്ന് കലക്ടർ കെ. ഇമ്പശേഖർ പറഞ്ഞു.