KSDLIVENEWS

Real news for everyone

ഞങ്ങൾക്ക് പലരാജ്യങ്ങളിലും ആയുധഫാക്ടറികളുണ്ട്: ഇസ്രയേലുമായുള്ള സംഘർഷത്തിൽ ആ ആയുധം പ്രയോഗിച്ചില്ല; ഇറാൻ

SHARE THIS ON

ടെഹ്‌റാന്‍: നിരവധി വിദേശരാജ്യങ്ങളില്‍ ഇറാന് ആയുധ നിര്‍മാണശാലകളുണ്ടെന്ന് വെളിപ്പെടുത്തി ഇറാന്റെ പ്രതിരോധമന്ത്രി അസീസ് നസീര്‍സാദെ. എന്നാല്‍, ഇവ എവിടെയൊക്കെയാണെന്ന് ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍-ഇറാന്‍ വ്യോമസംഘര്‍ഷം നടന്ന് രണ്ടുമാസത്തിനിപ്പുറമാണ് ഇറാന്‍ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തലെന്നത് ശ്രദ്ധേയമാണ്. ഇറാനിയന്‍ ന്യൂസ് ഏജന്‍സിയായ യങ് ജേര്‍ണലിസ്റ്റ് ക്ലബ്ബിന് നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഇറാന്‍ സൈന്യം പ്രധാനമായും ശ്രദ്ധനല്‍കുന്നത് മിസൈല്‍ വികസിപ്പിക്കുന്നതിനാണെന്നും അസീസ് പറഞ്ഞു. ഇസ്രയേലുമായുള്ള യുദ്ധത്തിന് പിന്നാലെ മുന്‍ഗണനകള്‍ മാറിയേക്കാം. അടുത്തുതന്നെ ഈ ആയുധസംഭരണശാലകള്‍ ഔദ്യോഗികമായി തുറക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. നൂതനമായ പോര്‍മുനകള്‍ കഴിഞ്ഞകൊല്ലം പരീക്ഷിച്ചിരുന്നു. ജൂണ്‍ മാസം നടന്ന ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം കൂടുതല്‍കാലം നീണ്ടുനിന്നിരുന്നെങ്കില്‍ ഇറാന്റെ മിസൈലുകളെ തടയാന്‍ ഇസ്രയേല്‍ സൈന്യത്തിന് കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ മാസത്തില്‍ 12 ദിവസമാണ് ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം നീണ്ടുനിന്നത്. സംഘര്‍ഷം 15 ദിവസം നീണ്ടിരുന്നെങ്കില്‍ അവസാനത്തെ മൂന്നുദിവസം ഞങ്ങളുടെ ഒരു മിസൈല്‍ പോലും ഇസ്രയേലിന് തടയാന്‍ കഴിയുമായിരുന്നില്ല. ഇതാണ് യുഎസ് മുന്നോട്ടുവെച്ച വെടിനിര്‍ത്തലിന് സമ്മതിക്കാന്‍ ഇസ്രയേലിനെ പ്രേരിപ്പിച്ചതെന്നും അസീസ് നസീര്‍സാദെ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേലുമായുള്ള സംഘര്‍ഷവേളയില്‍ തങ്ങളുടെ അതിനൂതന ആയുധങ്ങളിലൊന്നായ ക്വാസിം ബസിര്‍ മിസൈലിനെ ഉപയോഗിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൃത്യതയാര്‍ന്ന ആയുധമെന്നാണ് അദ്ദേഹം ക്വാസിം ബസിര്‍ മിസൈലിനെ വിശേഷിപ്പിച്ചത്. മധ്യദൂര ബാലിസ്റ്റിക് മിസൈലായ ക്വാസിം ബസിറിന് 1200 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!