KSDLIVENEWS

Real news for everyone

കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

SHARE THIS ON

കൊച്ചി: ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളില്‍ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആകാശത്ത് ഓണ സദ്യ ഒരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ആഗസ്റ്റ് 24 മുതല്‍ സെപ്തംബര്‍ ആറ് വരെ യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലൂടെയും മോബൈല്‍ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂര്‍ മുന്‍പ് വരെ ഓണ സദ്യ മുന്‍കൂര്‍ ബുക്ക് ചെയ്യാം.

ഓണത്തിന്റെ അനുഭൂതി തെല്ലും കുറയാതെ വാഴ ഇലയില്‍ മട്ട അരി, നെയ് പരിപ്പ്, തോരന്‍, എരിശ്ശേരി, അവിയല്‍, കൂട്ടു കറി, സാമ്പാര്‍, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാര്‍, ഏത്തക്ക ഉപ്പേരി, ശര്‍ക്കര വരട്ടി, പായസം തുടങ്ങിയവയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയെ ആകര്‍ഷകമാക്കുന്നത്. കസവ് കരയുടെ ഡിസൈനില്‍ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുന്നത്.

500 രൂപയ്ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വെബ്‌സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം. കേരളത്തിന്റെ കലാ പാരമ്പര്യത്തോടുള്ള ആദര സൂചകമായി കസവ് ശൈലിയിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അവരുടെ പുതിയ ബോയിംഗ് വിടി- ബി എക്‌സ് എം വിമാനത്തിന്റെ ലിവറി ഡിസൈന്‍ ചെയ്തിരിക്കുന്നത്.

കേരളത്തെ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഏറ്റവും വലിയ വിമാന കമ്പനിയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. കേരളത്തിനും ഗള്‍ഫിനുമിടയില്‍ ആഴ്ച തോറും 525 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. തിരുവനന്തപുരത്തിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയില്‍ 90 വിമാന സര്‍വീസുകളാണുള്ളത്. കൊച്ചിക്കും ഗള്‍ഫിനുമിടയില്‍ 100ഉം കോഴിക്കോടിനും ഗള്‍ഫിനുമിടയില്‍ 196ഉം കണ്ണൂരിനും ഗള്‍ഫിനുമിടയില്‍ 140ഉം സര്‍വീസുകളുണ്ട്. വടക്കന്‍ കേരളത്തിന്റെ സമീപ എയര്‍പോര്‍ട്ടായ മംഗലാപുരത്ത് നിന്നും ഗള്‍ഫ് മേഖലയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 64 വിമാന സര്‍വീസുകളുണ്ട്.

ഓണ സദ്യ കൂടാതെ യാത്രക്കാര്‍ക്ക് ഇഷ്ടാനുസരണം പ്രീ ബുക്ക് ചെയ്യാവുന്ന ഭക്ഷണ നിരയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഗോര്‍മേര്‍ മെനുവിലുണ്ട്. അവാധി ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ മഞ്ചൂരിയന്‍ വിത്ത് ഫ്രൈഡ് റൈസ്, മിനി ഇഡലി, മെഡു വട, ഉപ്പുമാവ് തുടങ്ങി സസ്യ- മുട്ട- മാംസാഹര പ്രിയര്‍ക്കും ആരോഗ്യകരമായ ഡയറ്റും ഷുഗര്‍ ഫ്രീ ഭക്ഷവും ആവശ്യമുള്ളവര്‍ക്കുമായി വലിയൊരു ഭക്ഷണ നിര തന്നെയാണ് ഓരോ വിമാനത്തിലും ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!