കാസർഗോഡിന്റെ കോവിഡ് അതിജീവനത്തിന്റെ ഉത്തമ മാതൃകയായി 90 വയസ് പിന്നിട്ട കാരിച്ചിയും ദേവസ്യയും

കാഞ്ഞങ്ങാട് • വീട്ടിൽ നിന്നു ചികിത്സ തേടി കോവിഡിനെ തോൽപിച്ച കാരിച്ചിയും ദേവസ്യയും കാസർകോടിന്റെ അതിജീവനത്തിന്റെ ഉത്തമ മാതൃകയായി . 90 പിന്നിട്ട ബിരിക്കുളം പ്ലാത്താടത്തെ കാരിച്ചിയും ചിറ്റാരിക്കൽ പൊങ്കലിലെ ദേവസ്യയുമാണ് കോവിഡിനെ വീട്ടിൽ തന്നെ താമസിച്ച് ചികിത്സയിലൂടെ തോൽപ്പിച്ചത് . ഈ പ്രായത്തിൽ കോവിഡ് പോസിറ്റീവാണെന്ന് അറിഞ്ഞപ്പോൾ ഇരുവരും ഏറെ ഭയന്നിരുന്നു . ബന്ധുക്കളും ആരോഗ്യ വകുപ്പും ധൈര്യം നൽകി കൂടെ നിന്നപ്പോൾ ഇരുവരും കോവിഡിനെ അതിജീവിച്ചു . 65 വയസ്സിന് മുകളിലുള്ള രോഗബാധിതർക്ക് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിൽ നിന്നു തന്നെ ചികിത്സ ലഭ്യമാക്കണം എന്ന ആരോഗ്യ വകുപ്പ് നിർദേശത്തെയാണ് ഇരുവരും മനോധൈര്യം കൊണ്ടു മാറ്റി എഴുതിയത് . ചിറ്റാരിക്കൽ പൊങ്കൽ സ്വദേശിയായ ദേവസ്യയ്ക്ക് മകനിൽ നിന്നാണ് കോവിഡ് പോസിറ്റീവായത് . 90 വയസ്സുള്ളതിനാൽ സിഎഫ്എൽടിസിയിലേക്ക് മാറണമെന്ന് ചിറ്റാരിക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസറും ആരോഗ്യപ്രവർത്തകരും പറഞ്ഞു . എന്നാൽ വീട്ടിൽ നിന്നു കൊണ്ടുള്ള ചികിത്സ മതിയെന്ന് ദേവസ്യ വാശി പിടിച്ചു . വീട്ടുകാർ എല്ലാവരും പോസിറ്റീവ് ആയതിനാൽ അവരും ദേവസ്യയുടെ തീരുമാനത്തിനു പിന്നിൽ ഉറച്ചു നിന്നു . ഒടുവിൽ വീട്ടുകാരുടെ സമ്മതപത്രം എഴുതി വാങ്ങി വീട്ടിൽ തന്നെ ചികിത്സയ്ക്ക് ആരോഗ്യ വകുപ്പ് അനുമതി നൽകുകയായിരുന്നു . 19 നു നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോൾ കോവിഡിനെ അതിജീവിച്ച് സന്തോഷമായിരുന്ന ദേവസ്യയുടെ മുഖത്ത് മെഡിക്കൽ ഓഫിസർ സൂര്യരാഘവൻ , ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. ശ്രീനിവാസൻ , ജെഎച്ച്ഐ പ്രകാശൻ , ജെപിഎച്ച് എൻ.തങ്കമണി എന്നിവരുടെ ചികിത്സ മേൽനോട്ടത്തിനും വാർഡ് ജാഗ്രതാ സമിതി ഇടപെടലിനും നന്ദി പറയുകയാണ് ദേവസ്യയും കുടുംബവും . മകനിൽ നിന്നു തന്നെയാണ് 9 ന് കാരിച്ചിയും കോവിഡ് പോസിറ്റീവായത് .വീട്ടിൽ നിന്നു തന്നെ കോവിഡ് നേരിടാമെന്ന കാരിച്ചിയുടെ ആത്മധൈര്യത്തിനു മുന്നിൽ ആരോഗ്യപ്രവർത്തകർ വഴങ്ങുകയായിരുന്നു . മെഡിക്കൽ ഓഫിസർ ഡോ . സുഗതനും ഹെൽത്ത് ഇൻസ്പെക്ടർ ജഗദീഷ് , ജെഎച്ച്ഐമാരായ സജേഷും രഞ്ജിത്തുമാണ് വീട്ടു ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ചത് . സംസ്ഥാനത്ത് ജില്ലാ തലത്തിൽ കോവിഡ് രോഗലക്ഷണമില്ലാത്തവരെ വീട്ടിൽ കിടത്തി ചികിത്സ സംസ്ഥാനത്ത് ആദ്യം ആരംഭിച്ച ജില്ല കാസർകോടായിരുന്നു . 2000 ത്തിലധികം പേരാണ് ജില്ലയിൽ വീടുകളിൽ തന്നെ ചികിത്സ തേടിയത് .

