KSDLIVENEWS

Real news for everyone

രണ്ടാം വന്ദേഭാരത് ഫ്ലാഗ്ഓഫ്; ആദ്യ യാത്രയിൽ സ്കൂൾ വിദ്യാർഥികൾക്കും അവസരം: ആഘോഷമാക്കാൻ ഒരുക്കം

SHARE THIS ON

കാസർകോട് ∙ സംസ്ഥാനത്തിനു ലഭിച്ച രണ്ടാം വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് 24ന് കാസർകോട്ട് നടക്കും. ഇതുൾപ്പെടെ രാജ്യത്തെ വിവിധ സോണുകളിലായി അനുവദിച്ച 9 വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ഒന്നിച്ച് ഓൺലൈനായി പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നിർവഹിക്കുക. കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്കു 12നു നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, മന്ത്രി വി.അബ്ദുറഹിമാൻ, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എൻ.എ.നെല്ലിക്കുന്ന് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭാധ്യക്ഷൻ വി.എം.മുനീർ തുടങ്ങിയവർ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവർ മാത്രമാണ് ഉദ്ഘാടന യാത്രയിൽ ഉണ്ടാകുക.

ആദ്യ യാത്രയിൽ സ്കൂൾ വിദ്യാർഥികൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. 26 മുതലാണ് ട്രെയിൻ സാധാരണ നിലയിൽ സർവീസ് നടത്തുക. 26ന് വൈകിട്ട് 4.05ന് തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന സർവീസ് മുതൽ റിസർവ് ചെയ്ത് യാത്ര ചെയ്യാം. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്കു പോയ ട്രെയിൻ ഇന്നു (23) രാത്രിയോടെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തിരിച്ചെത്തും. രാവിലെ കാസർകോട്ടേക്കു പോകും. ആദ്യ യാത്രയിൽ പയ്യന്നൂരിലും തലശ്ശേരിയിലും നിർത്തും. ഇവിടെയെല്ലാം ആഘോഷ പരിപാടികളും നടക്കും. കണ്ണൂരിൽ ‌രണ്ടായിരത്തോളംപേരെ പ്രതീക്ഷിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. സ്റ്റേഷനിൽ കലാസാംസ്കാരിക പരിപാടികളും ഒരുക്കുന്നുണ്ട്.


കാസർകോട് സജ്ജം 

സർവീസ് തുടങ്ങിയാൽ വന്ദേഭാരത് എക്സ്പ്രസ് നിർത്തിയിടുന്നത് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ആയതിനാൽ സ്റ്റേഷനിൽ കൂടുതൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കാൻ റെയിൽവേ തീരുമാനിച്ചു. റെയിൽവേ സുരക്ഷാ സേനയുടെ അംഗബലവും കൂട്ടും. കോച്ചുകളിൽ വെള്ളം നിറയ്ക്കാനുള്ള സൗകര്യം നേരത്തേ ഒരുക്കിയിരുന്നു. കൂടുതൽ വെളിച്ചം ലഭിക്കുംവിധം പ്ലാറ്റ്ഫോമിൽ വിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്.

പുതിയ വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് 

ന്യൂഡൽഹി ∙ കാസർകോട്–തിരുവനന്തപുരം റൂട്ടിൽ പുതുതായി ആരംഭിക്കുന്ന വന്ദേഭാരത് എക്സ്പ്രസിനു മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ജംക‍്‍ഷൻ, ആലപ്പുഴ, കൊല്ലം എന്നിവയാണ് മറ്റു സ്റ്റോപ്പുകൾ. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇ.ടി.മുഹമ്മദ് ബഷീർ എംപി റെയിൽവേ മന്ത്രിക്കു നിവേദനം നൽകിയിരുന്നു.

വന്ദേഭാരത് മംഗളൂരു – ഗോവ റൂട്ടിലും 

മംഗളൂരു ∙ മംഗളൂരു – ഗോവ റൂട്ടിൽ വന്ദേഭാരത് അടുത്തമാസം ഓടിത്തുടങ്ങുമെന്ന് റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി ദക്ഷിണ കന്നഡ എംപി നളിൻകുമാർ കട്ടീൽ. മംഗളൂരുവിൽനിന്ന്‌ മഡ്ഗാവിലേക്ക് വന്ദേഭാരത്‌ അനുവദിക്കുമെന്ന്‌ ഡൽഹിയിൽ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ഉറപ്പുലഭിച്ചതായി എംപി അറിയിച്ചു. എന്നാൽ, വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടേണ്ടിവരുമെന്നും പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകാത്ത മംഗളൂരു–ഗോവ റൂട്ടിൽ അതിവേഗ ട്രെയിൻ സർവീസ്‌ മറ്റു സർവീസുകളെ ബാധിക്കുമെന്നും ആശങ്കയുണ്ട്.

ഉദ്ഘാടന യാത്ര; തിരുവനന്തപുരം ഭാഗത്തേക്കുള്ള സമയം

കാസർകോട് : ഉച്ചയ്ക്ക് 12.30 
പയ്യന്നൂർ : 1.15
കണ്ണൂർ : 1.48 
തലശ്ശേരി : 2.13
കോഴിക്കോട് : 3.08
തിരൂർ : 3.48
ഷൊർണൂർ : 4.30
തൃശൂർ : 5.05
എറണാകുളം : 6.13
ആലപ്പുഴ : 8.05
കായംകുളം : 9.02
കൊല്ലം : 9.50
തിരുവനന്തപുരം : 11.00

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!