സിനിമാതാരങ്ങളെ ക്ഷണിച്ചു, എന്നിട്ടും പാർലമെന്റ് മന്ദിര ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിച്ചില്ല- ഖാർഗെ

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് രാഷ്ട്രപതിയെ കക്ഷണിക്കാത്തതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. സിനിമാ താരങ്ങള്‍ അടക്കമുള്ളവരെ ഉദ്ഘാടനത്തിന് ക്ഷണിച്ചിട്ടും രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ക്ഷണിച്ചില്ലെന്ന് ഖാര്‍ഗെ ആരോപിച്ചു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് മന്ദിരത്തിന് തറക്കല്ലിടുന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. രാഷ്ട്രപതിയെ അപമാനിക്കുന്ന നടപടിയാണ് ബിജെപിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എല്ലാ വിഭാഗങ്ങളില്‍നിന്നുള്ളവരും കോണ്‍ഗ്രസില്‍ ഉണ്ട്. ബിജെപി ആരെയും അടുത്തുവരാന്‍ പോലും അനുവദിക്കുന്നില്ലെന്നും ഖാര്‍ഗെ പറഞ്ഞു. പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിലേക്കും അന്നത്തെ രാഷ്ട്രപതിയായിരുന്ന രാംനാഥ് കോവിന്ദിനെ ക്ഷണിച്ചിരുന്നില്ലെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രാംനാഥ് കോവിന്ദ് തൊട്ടുകൂടായ്മയുള്ള ആളായതുകൊണ്ടാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. ‘തൊട്ടുകൂടായ്മയുള്ള ആള്‍ തറക്കല്ലിട്ടാല്‍ സ്വാഭാവികമായും അത് ഗംഗാജലംകൊണ്ട് കഴുകേണ്ടതായി വരും’, ജാതിവ്യവസ്ഥയെ സൂചിപ്പിച്ചുകൊണ്ട് ഖാര്‍ഗെ പറഞ്ഞു. വനിതാ സംവരണ ബില്‍ കൊണ്ടുവരുന്നതില്‍ ബിജെപിക്കുള്ള താല്‍പര്യത്തെയും ഖാര്‍ഗെ ചോദ്യംചെയ്തു. വനിതകള്‍ക്ക് സംവരണം നല്‍കണമെന്ന് ബിജെപി ആഗ്രഹിക്കുന്നില്ല. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് ഇന്ത്യ സഖ്യം രൂപവത്കരിച്ചതോടെയാണ് ബിജെപി വനിതാ ബില്ലിനേക്കുറിച്ച് ഓര്‍ത്തതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.