ബേക്കൽ കോട്ടയിയിൽ സ്വാഗതകമാനം മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു ;
നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി ടൂറിസം മേഖലയിൽ 26 പദ്ധതികൾ നടപ്പിലാക്കും

ബേക്കൽ: നൂറുദിന പദ്ധതികളിൽ ഉൾപ്പെടുത്തി ടൂറിസം മേഖലയിൽ 26 പദ്ധതികൾ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബേക്കൽ കോട്ടയിൽ ടൂറിസം വകുപ്പ് ഒരുക്കിയ സ്വാഗതകമാനത്തിന്റെയും അനുബന്ധ സൗകര്യങ്ങളുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് വെല്ലുവിളി വന്നത്. 25,000 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ സംസ്ഥാനത്ത് ഉണ്ടായത്. വലിയ തോതിലുള്ള തൊഴിൽനഷ്ടവും ഉണ്ടായി. കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ ടൂറിസംരംഗം വീണ്ടും കുതിച്ചുയരുമെന്നും കേരളം വീണ്ടും സഞ്ചാരികളുടെ പറുദീസയാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ഉദ്ഘാടനവേദിയോട് ചേർന്ന് സജ്ജീകരിച്ച പ്രവൃത്തിഫലകം മുഖ്യമന്ത്രിക്കുവേണ്ടി കെ. കുഞ്ഞിരാമൻ എം.എൽ.എ. അനാച്ഛാദനം ചെയ്തു. 2019 ജൂൺ മാസത്തിലാണ് 99,94,176 രൂപയുടെ പദ്ധതിക്ക് സംസ്ഥാന ടൂറിസം വകുപ്പ് അംഗീകാരം നൽകിയത്. സാങ്കേതികാനുമതി ലഭിച്ചയുടൻ നിർമാണപ്രവൃത്തി ആരംഭിച്ചത് കാരണം, സ്വാഗതകമാനം, ചുറ്റുമതിൽ, ഇന്റർലോക്ക് പതിച്ച നടപ്പാത, കൈവരികൾ, ട്രാഫിക് സർക്കിൾ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിഞ്ഞു. ജില്ലാ നിർമിതി കേന്ദ്രത്തിനായിരുന്നു നിർമാണച്ചുമതല.
ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കും
കോട്ടപ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റും ക്യാമറയും എം.എൽ.എ. ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കുമെന്ന് കെ. കുഞ്ഞിരാമൻ എം.എൽ.എ. പറഞ്ഞു. ബേക്കൽ കോട്ടയിലെ ടൂറിസം പദ്ധതികൾക്ക് പിന്തുണ നൽകിയ ബി.ആർ.ഡി.സി. അസിസ്റ്റന്റ് മാനേജർ പി. സുനിൽ കുമാറിന് ചടങ്ങിൽ ഉപഹാരം കൈമാറി. രാജ്മോഹൻ ഉണ്ണിത്താൻ എം.പി., ബിജു രാഘവൻ, റാണി ജോർജ്, പി. ബാലകിരൺ, പി. ഇന്ദിര, കെ.വി. കുഞ്ഞിരാമൻ, എം.ജി. ആയിഷ, എൻ.എസ്. ബേബി ഷീജ എന്നിവർ സംസാരിച്ചു.

