ദേശീയപാത വികസനം : ദേശീയപാതയോരത്തുള്ള 8400 മരങ്ങൾക്ക് കോടാലി വീഴും

കാസർകോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ കോടാലി വീഴാൻ കാത്തിരിക്കുന്നത് 8400 മരങ്ങൾ . തലപ്പാടി മുതൽ കാലിക്കടവ് വരെയുള്ള 96 കിലോമീറ്റർ പാതയുടെ ഇരു വശങ്ങളിലുമുള്ള മരങ്ങളാണ് മുറിച്ചു നീക്കുക . മുറിക്കേണ്ട മരങ്ങളുടെ പട്ടികയും അടിസ്ഥാന വിലയും നിശ്ചയിച്ച് സാമൂഹിക വനവൽക്കരണ വിഭാഗം ദേശീയപാത പദ്ധതി ഡയറക്ടർക്കു നൽകി . ലേലം ചെയ്തു വിൽപന നടത്തേണ്ടത് ദേശീയപാത അധികൃതരാണ് . നിർമാണോദ്ഘാടനം കഴിഞ്ഞ സാഹചര്യത്തിൽ മരങ്ങളുടെ ലേലം ഉടൻ നടക്കും . പൊതുസ്ഥലത്ത് നിന്നു മുറിക്കേണ്ട മരങ്ങളുടെ എണ്ണം മാത്രമാണിത് . വ്യക്തികളിൽ നിന്നു ദേശീയപാത വികസനത്തിനായി ഏറ്റെടുത്ത ഭൂമിയിലും ഒട്ടേറെ മരങ്ങളുണ്ട് . ഇവയുടെ കണക്കെടുപ്പും വില നിർണയവും പുരോഗമിക്കുകയാണ് . പതിറ്റാണ്ടുകളായി ദേശീയപാതയിലെ യാത്രക്കാർക്ക് തണലേകിയ മരങ്ങളാണ് ഇല്ലാതാകുന്നത് . തേക്ക് , ഈട്ടി തുടങ്ങിയ വില പിടിപ്പുള്ള മരങ്ങൾക്കൊപ്പം പ്ലാവ് , മാവ് , തെങ്ങ് തുടങ്ങിയ ഫല വൃക്ഷങ്ങളും മുറിക്കേണ്ടവയുടെ പട്ടികയിലുണ്ട് . അക്കേഷ്യ , മഴമരം , ആൽമരം , അരയാൽ , മരുത് , അത്തി , മുള്ളു വേങ്ങ , മഹാഗണി , പൂമരം തുടങ്ങിയവയും ധാരാളമുണ്ട് . വില രണ്ട് കോടിയിലേറെ മുറിക്കപ്പെടുന്ന മരങ്ങൾക്ക് 2 കോടിയിലേറെ രൂപയാണ് വനം വകുപ്പ് നിശ്ചയിച്ച അടിസ്ഥാന വില . വണ്ണവും ഗുണനിലവാരവും നോക്കിയാണ് വില കണക്കാക്കുന്നത് . തടിക്കും വിറകിനും വെവ്വേറെയായാണ് വില നിർണയിക്കുന്നത് . പത്തിരട്ടി മരം നടും മുറിക്കുന്നതിന്റെ പത്തിരട്ടി മരങ്ങൾ ദേശീയപാത അധികൃതർ നടണം എന്ന വ്യവസ്ഥയോടെയാണ് സാമൂഹിക വനവൽക്കരണ വിഭാഗം അസി . കൺസർവേറ്റർ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത് . ഇതനുസരിച്ച് പൊതുസ്ഥലത്ത് നിന്ന് മുറിക്കുന്ന മരങ്ങൾക്കു പകരമായി മാത്രം 84000 മരങ്ങൾ നടേണ്ടതുണ്ട് . പാതയോരങ്ങൾക്കു പുറമേ സർക്കാർ- പുറമ്പോക്ക് ഭൂമിയിലും മരങ്ങൾ നടാം . നടുന്നതിനൊപ്പം പരിപാലനത്തിന്റെ ഉത്തരവാദിത്തവും ദേശീയപാത അധികൃതർക്കുണ്ട് .

