ഖത്തറുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി: ഖത്തറും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‍നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് കുവൈത്ത് പ്രധാനമന്ത്രി സബാഹ് അല്‍ ഖാലിദ് പറഞ്ഞു. 2017ല്‍ ആരംഭിച്ച പ്രതിസന്ധി ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ഐക്യത്തിന് ഭംഗം വരുത്തിയതായും അദ്ദേഹം പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യവെ അഭിപ്രായപ്പെട്ടു.
ഗള്‍ഫ് മേഖലയുടെ പുരോഗതിക്ക് വിഘാതമാവുന്ന വെല്ലുവിളികളെക്കുറിച്ച് നാം ബോധവാന്മാരാണ്. നമ്മുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള പരിശ്രമങ്ങള്‍ തുടരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തര്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്യാണത്തിന് ശേഷം അതേ ശ്രമങ്ങള്‍ തുടരുമെന്ന സന്ദേശമാണ് പ്രധാനമന്ത്രിയും നല്‍കുന്നത്.
സഹോദരങ്ങള്‍ക്കിടയില്‍ ഉടലെടുത്ത ഈ അഭിപ്രായ വ്യത്യാസം പരിഹരിക്കാനുള്ള നല്ല ശ്രമങ്ങള്‍ കുവൈത്ത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2017ലാണ് സൗദി അറേബ്യ, യുഎഇ, ബഹ്റൈന്‍, ഈജിപ്‍ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങളും ഗതാഗത മാര്‍ഗങ്ങളും അടച്ചത്.