പലസ്തീന് ഐക്യദാര്‍ഡ്യ റാലി നടത്താന്‍ ലീഗ്; ശശി തരൂര്‍ മുഖ്യാതിഥി, നടക്കുക രാജ്യത്തെ വലിയ റാലി

മലപ്പുറം: മലപ്പുറത്ത് ഈ മാസം 26ന് പലസ്തിൻ ഐക്യദാർഢ്യ റാലി നടത്തുമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. നടക്കാൻ പോകുന്ന പലസ്തീൻ ഐക്യദാർഢ്യ മനുഷ്യാവകാശ റാലി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരിക്കും. അന്താരാഷ്ട്ര മാധ്യമങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്, ജാതി മത ഭേദമന്യേ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ശശി തരൂർ റാലിയിൽ പങ്കെടുക്കും. സാദിഖ് അലി തങ്ങൾ റാലി ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്ന് മണിക്കാണ് റാലി ആരംഭിക്കുക. ലോകം മുഴുവനുള്ള റാലികളിൽ കോഴിക്കോട്ടെ റാലി സ്ഥാനം പിടിക്കും എന്നാണ് പ്രതീക്ഷ. ഇന്ത്യ മുന്നണിയിലെ കക്ഷികൾ എല്ലാവര്ക്കും പലസ്തിൻ വിഷയത്തിൽ ഒരേ നിലപാടാണുള്ളത്. എല്ലാ നേതാക്കളുമായും ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി .ഗാന്ധിജിയുടെ കാലം മുതൽ പലസ്തീൻ ജനതക്ക് പിന്തുണ കൊടുത്ത നിലപാടാണ് രാജ്യത്തിനുള്ളത്. ഇന്ത്യയിൽ അത് കൊണ്ട് തന്നെ ഈ പ്രതിഷേധത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ട്. മർദ്ധിതരോടപ്പമാണ് ഇന്ത്യ നിൽക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യ മനസാക്ഷി ഉണരാൻ ലോകം മുഴുവൻ റാലികൾ നടക്കുകയാണ്. ഇസ്രയേലിലടക്കം റാലി നടന്നു. ഇസ്രയേൽ അതിക്രമങ്ങൾ ആദ്യം തടഞ്ഞിരുന്നുവെങ്കിൽ ഇന്ന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇസ്രയേൽ ജനത ഭരണകൂടത്തിന് എതിരായപ്പോൾ കൊന്ന് പേരെടുക്കാനാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

