KSDLIVENEWS

Real news for everyone

ബെംഗളൂരുവില്‍ ദുരന്തംവിതച്ച് കനത്തമഴ; കെട്ടിടം തകര്‍ന്ന് 5 മരണം, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

SHARE THIS ON

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ദുരിതം വിതച്ച് കനത്ത മഴ. ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് വിലയിരുത്തലുകള്‍. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെയെത്തി തിരച്ചില്‍ തുടരുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ അപകടസ്ഥലം സന്ദര്‍ശിച്ചു.

കനത്തമഴ തുടരുന്നത് ജനജീവിതത്തെ സാരമായിബാധിച്ചു. തിങ്കളാഴ്ചയും ചെവ്വാഴ്ചയും ശക്തമായ മഴ അനുഭവപ്പെട്ടു. ദേവനഹള്ളി, കോറമംഗല, സഹകര്‍നഗര്‍, യെലഹങ്ക, ഹെബ്ബാള്‍, എച്ച്.എസ്.ആര്‍. ലേഔട്ട്, ബി.ഇ.എല്‍. റോഡ്, ആര്‍.ആര്‍. നഗര്‍, വസന്തനഗര്‍ തുടങ്ങിയ ഭാഗങ്ങളില്‍ മഴ അതിരൂക്ഷമായിരുന്നു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിങ്കളാഴ്ച 105 മില്ലിമീറ്റര്‍ മഴ പെയ്തു. എച്ച്.എ.എല്‍. വിമാനത്താവളത്തില്‍ 42.3 മില്ലിമീറ്റര്‍ മഴ ലഭിച്ചു.

ബെംഗളൂരു ബാബുസപാളയയിൽ നിർമാണത്തിലുള്ള ബഹുനിലക്കെട്ടിടം തകർന്നപ്പോൾ

യെലഹങ്കയില്‍ അപ്പാര്‍ട്ട്മെന്റിലുള്ളവരെ ഒഴിപ്പിച്ചു

യെലഹങ്ക കേന്ദ്രീയ വിഹാര്‍ അപ്പാര്‍ട്ട്മെന്റ് പരിസരംമുഴുവന്‍ വെള്ളത്തിലായി. ഈ മാസം മൂന്നാംതവണയാണ് ഇവിടെ വെള്ളംപൊങ്ങുന്നത്. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനാജീവനക്കാര്‍ അപ്പാര്‍ട്ട്മെന്റിലുള്ളവരെ റാഫ്റ്റുകളിലാണ് സുരക്ഷിതസ്ഥാനങ്ങളിലെത്തിച്ചത്. എല്ലാവരോടും ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കന്‍ ബെംഗളൂരുവിലെ പല അപ്പാര്‍ട്ട്മെന്റുകളിലും നിര്‍ത്തിയിട്ട വാഹനങ്ങള്‍ വെള്ളത്തിലായി. അല്ലലസാന്ദ്ര തടാകവും ദൊഡ്ഡബൊമ്മ സാന്ദ്ര തടാകവും കരകവിഞ്ഞു.

കൊഗിലു ക്രോസിന് സമീപം പൂര്‍ണമായി വെള്ളത്തില്‍മുങ്ങി. ജുഡീഷ്യല്‍ ലേഔട്ടിന് സമീപം ജി.കെ.വി.കെ. സംരക്ഷണഭിത്തി തകര്‍ന്നതിനെ തുടര്‍ന്ന് കൊഡിഗെഹള്ളിയിലെ അപ്പാര്‍ട്ട്മെന്റ് പരിസരത്ത് വെള്ളം കയറി. ഓസ്റ്റിന്‍ ടൗണ്‍, എം.എസ്. പാളയ, ടെലികോം ലേഔട്ട്, ബസവ സമിതി ലേഔട്ട് തുടങ്ങിയ സ്ഥലങ്ങളിലായി മുന്നൂറോളം വീടുകളില്‍ വെള്ളംകയറി. 2022-ലെ മഴയത്ത് വെള്ളപ്പൊക്കമുണ്ടായ ബെംഗളൂരു സൗത്തിലെ റെയിന്‍ബോ ഡ്രൈവ് ലേഔട്ട് ഒരിക്കല്‍ക്കൂടി വെള്ളത്തിലായി.

യെലഹങ്കയിലെ അപ്പാര്‍ട്ട്‌മെന്റിലുള്ളവരെ ഒഴിപ്പിക്കുന്നു

ബസ്സുകളും ലോറികളും വെള്ളത്തില്‍ കുടുങ്ങിപ്പോയി. ബെലന്ദൂരിലെ ടെക് പാര്‍ക്കുകളിലും എക്കോസ്‌പെയ്സിലും വെള്ളംപൊങ്ങി. റോഡുകളില്‍ വെള്ളം പൊങ്ങിയതിനെത്തുടര്‍ന്ന് മൈസൂരു റോഡ്, ഹെബ്ബാള്‍ ജങ്ഷന്‍, സാറ്റലൈറ്റ് ബസ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ വാഹന ഗതാഗതംസ്തംഭിച്ചു. വെള്ളംകയറിയതിനെത്തുടര്‍ന്ന് സഹകര്‍നഗര്‍, തിണ്ട്ലു, ഭൂപസാന്ദ്ര എന്നിവിടങ്ങളിലെ അടിപ്പാതകള്‍ ട്രാഫിക് പോലീസ് അടച്ചു.

ചിലയിടങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് നിര്‍ത്തിയിട്ട വാഹനങ്ങള്‍തകര്‍ന്നു. റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ബി.ബി.എം.പി. ചീഫ് കമ്മിഷണര്‍ തുഷര്‍ ഗിരിനാഥ് എന്നിവര്‍ ടാറ്റാ നഗര്‍, ബാലാജി ലേഔട്ട്, ഭദ്രപ്പ ലേഔട്ട്, വിദ്യാരണ്യപുര എന്നിവിടങ്ങളില്‍ മഴക്കെടുതി ബാധിച്ച സ്ഥലങ്ങള്‍സന്ദര്‍ശിച്ചു.

സ്‌കൂളുകള്‍ക്ക് അവധി

മഴ തുടരുന്നതിനാല്‍ ബുധനാഴ്ച ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേസമയം കോളേജുകള്‍ പ്രവര്‍ത്തിക്കുമെന്ന് ബെംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ജി. ജഗദീശ ഇറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

ചൊവ്വാഴ്ച ബെംഗളൂരുവിൽ വെള്ളക്കെട്ടിലൂടെനീങ്ങുന്ന സ്കൂൾ വിദ്യാർഥികൾ

മഴകാരണം തിങ്കളാഴ്ചയും ബെംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് അവധിപ്രഖ്യാപിച്ചത് എന്നതിനാല്‍ വിവരമറിയാതെ ഒട്ടേറെകുട്ടികള്‍ സ്‌കൂളില്‍ പോയി. ചൊവ്വാഴ്ച സ്‌കൂളുകള്‍ക്ക് അവധി അനുവദിച്ചിരുന്നില്ല. രണ്ടുദിവസംകൂടി ബെംഗളൂരുവില്‍ മഴതുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

ഇരുപതിലേറെ വിമാനങ്ങള്‍ വൈകി

തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇരുപതിലേറെ വിമാനങ്ങള്‍ മഴകാരണം വൈകി. അഞ്ചു വിമാനങ്ങള്‍ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഡല്‍ഹിയില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനവും ഡല്‍ഹി, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള ഇന്‍ഡിഗോ വിമാനവും തായ്ലാന്‍ഡില്‍നിന്നുള്ള തായ് ലയണ്‍ എയര്‍ വിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.

error: Content is protected !!