KSDLIVENEWS

Real news for everyone

ഷെയ്ഖ് ഹസീനയുടെ രാജിക്കത്ത് കിട്ടിയിട്ടില്ലെന്ന പ്രസ്താവന: ബംഗ്ലദേശ് പ്രസിഡന്റിന്റെ രാജിക്കായി പ്രക്ഷോഭം

SHARE THIS ON

ധാക്ക: പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് ബംഗ്ലദേശിൽ പ്രതിഷേധം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രതിഷേധങ്ങൾക്കു സമാനമാണ് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളും. അതേസമയം, ബാരിക്കേഡുകളും മറ്റു വച്ച് ബംഗ ഭബനിലേക്കു കടക്കാതെ പൊലീസ് പ്രതിഷേധം തടഞ്ഞു. ഗ്രനേഡുകളും പ്രയോഗിച്ചു. ചിലർക്കു പരുക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 

കഴിഞ്ഞയാഴ്ച ബംഗ്ലദേശ് മാധ്യമമായ മനബ് സമിനു നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഹസീന രാജ്യം വിട്ടപ്പോൾ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന്റെ രേഖകളൊന്നും കൈവശമില്ലെന്ന് ഷഹാബുദ്ദീൻ പറഞ്ഞിരുന്നു. വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നായിരുന്നു ഹസീന രാജ്യംവിട്ടത്. അന്ന് പ്രതിഷേധം നയിച്ച ആന്റി–ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റ് ആണ് ഇപ്പോള്‍ പ്രസിഡന്റിന്റെ രാജിയാവശ്യവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. 

ഹസീനയുടെ രാജിക്കു കാരണക്കാരായ വിദ്യാർഥി പ്രതിഷേധ സംഘം അഞ്ച് ആവശ്യങ്ങൾ മുന്നോട്ടുവച്ചിരുന്നു. അതിൽ പ്രധാനപ്പെട്ടതായിരുന്ന പ്രസിഡന്റിന്റെ രാജി. ഏഴു ദിവസത്തിനകം രാജിവയ്ക്കണമെന്നാണ് സംഘത്തിന്റെ ആവശ്യം. 1972ൽ നിലവിൽ വന്ന ബംഗ്ലദേശ് ഭരണഘടന റദ്ദാക്കണമെന്നും വിദ്യാർഥി പ്രക്ഷോഭകരുടെ സംഘം ആവശ്യപ്പെടുന്നു. ഈ ആഴ്ചയ്ക്കുള്ളിൽ ആവശ്യങ്ങൾ നടപ്പാക്കിയില്ലെങ്കിൽ പ്രതിഷേധക്കാർ വീണ്ടും തെരുവിൽ ഇറങ്ങുമെന്ന് ആന്റി–ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ കോഓർഡിനേറ്റർമാരിൽ ഒരാളായ ഹസ്നത്ത് അബ്ദുല്ല അറിയിച്ചു. 

ഓഗസ്റ്റ് അഞ്ചിന് രാത്രി ഷഹാബുദ്ദീൻ രാജ്യത്തോടു നടത്തിയ അഭിസംബോധനയിൽ ഹസീന രാജിക്കത്ത് അയച്ചെന്നും ലഭിച്ചെന്നും വ്യക്തമാക്കിയിരുന്നു. അന്ന് സൈനിക മേധാവി ജനറൽ വാക്കർ ഉസ് സമാനും നാവിക, വ്യോമ സേനാ മേധാവികൾക്കുമൊപ്പമായിരുന്നു അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തത്. അന്നു നടത്തിയ അഭിസംബോധനയും ഇപ്പോൾ മാധ്യമത്തിനു നൽകിയ അഭിമുഖവും നോക്കുമ്പോൾ ഏതെങ്കിലും ഒന്ന് വ്യാജമാണെന്നാണു വ്യക്തമാകുന്നതെന്നും പ്രസിഡന്റ് പദവിക്കു നിരക്കാത്തത് ചെയ്തുവെന്നും ഇടക്കാല സർക്കാരിൽ നിയമമന്ത്രിയായ ആസിഫ് നസ്റുൽ പ്രതികരിച്ചു.

error: Content is protected !!