KSDLIVENEWS

Real news for everyone

വയനാടിന് ഇനി രണ്ട് എം.പിമാരുണ്ടാകും; അനൗദ്യോഗിക എം.പിയായി ഞാനും-രാഹുല്‍

SHARE THIS ON

വയനാട്ടിലെ ജനങ്ങള്‍ക്ക്‌ രണ്ട് എംപിമാരുണ്ടാവുമെന്നും അനൗദ്യോഗിക എംപി താനായിരിക്കുമെന്നും രാഹുല്‍ ഗാന്ധി. വയനാട് ഉപതിരഞ്ഞെടുപ്പില്‍ പ്രിയങ്കയുടെ റോഡ് ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്കയുടെ വിജയത്തിനായി വയനാട് മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വയനാടിലെ ജനങ്ങളെ സ്വന്തം കുടുംബത്തെ പോലെയാണ് തന്റെ സഹോദരി പ്രിയങ്ക ഗാന്ധി കാണുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

വയനാട്ടിലെ ജനങ്ങളുമായി എനിക്ക് എന്തുതരത്തിലുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്ന് നിങ്ങള്‍ക്കോരുത്തര്‍ക്കും അറിയും.എനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോള്‍ നിങ്ങളെന്നെ സംരക്ഷിച്ചുവെന്നും നിങ്ങളെന്റെ ഒപ്പം നിന്നുവെന്ന് പ്രിയങ്ക പറഞ്ഞു. പ്രിയങ്ക അത് പറയുമ്പോള്‍ ഞാന്‍ മനസില്‍ ആലോചിച്ചത് വയനാട് എനിക്ക് വേണ്ടി ചെയ്തുതന്നത് വാക്കുകളിലൂടെ പറയാനാകില്ലെന്നാണ്. വികാരങ്ങള്‍ അത്രയും ആഴത്തിലുള്ളതാവുമ്പോള്‍ അത് പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രകടിപ്പിക്കാനാവുകയുള്ളു.

നിങ്ങള്‍ മറന്നുപോവുകയാണെങ്കില്‍ നിങ്ങളെ ഞാന്‍ ഓര്‍മിപ്പിക്കുകയാണ് രണ്ട് ജനപ്രതിനിധകളുള്ള ഇന്ത്യയിലെ ഒരേയൊരു മണ്ഡലം വയനാടായിരിക്കും. ഒന്ന് ഔദ്യോഗിക മെമ്പറും മറ്റൊന്ന് അനൗദ്യോഗിക മെമ്പറുമായിരിക്കും. അവര്‍ രണ്ടുപേരും വയനാടിനു വേണ്ടി പ്രവര്‍ത്തിക്കും.

എന്റെ സഹോദരി പ്രിയങ്കയെ കുറിച്ച് വയനാടിനോട് എങ്ങനെ ലളിതമായി പറഞ്ഞു മനസിലാക്കുമെന്നാണ് ഈ യാത്രയില്‍ ഞാന്‍ ആലോചിച്ചത്. ഒന്നോ രണ്ടോ വാക്കുകളില്‍ പ്രിയങ്കയെ എങ്ങനെ വിശദീകരിക്കും?. കുട്ടിക്കാലത്ത്‌ സഹോദരി പ്രിയങ്കയെ കൂട്ടുകാര്‍ക്കൊപ്പം കാണുമായിരുന്നു. സ്വന്തം കൂട്ടൂകാര്‍ക്കായി ഇത്രയധികം പോകാന്‍ പറ്റുമോയെന്ന് അവളോട് ഞാന്‍ ചോദിക്കുമായിരുന്നു. പ്രിയങ്കയ്ക്ക് ഒരു സുഹൃത്തുണ്ടെങ്കില്‍ അവര്‍ക്കായി എത്ര ദൂരം പോവാനും അവള്‍ ഒരുക്കമായിരുന്നു. പ്രിയങ്ക ചെയ്ത കാര്യങ്ങള്‍ സുഹൃത്തുകള്‍ അറിയാതെ പോവുമ്പോഴും തിരിച്ച് അഭിനന്ദനങ്ങള്‍ ലഭിക്കാതെയിരിക്കുമ്പോഴും ഞാന്‍ അവളോട് ചോദിക്കും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന്. അപ്പോള്‍ അവള്‍ പറയും എനിക്ക് ഇത് ചെയ്യണം. പക്ഷേ നിന്റെ സുഹൃത്തുക്കള്‍ നീ ചെയ്യുന്ന കാര്യങ്ങള്‍ അംഗീകരിക്കുകയോ അഭിനന്ദിക്കുയോ ചെയ്യുന്നില്ലെന്ന് പറയുമ്പോള്‍ അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയോ ആവശ്യമില്ലെന്നും ഞാന്‍ ഇത് ചെയ്യുമെന്നുമാണ് പ്രിയങ്ക മറുപടി നല്‍കിയിരുന്നത്.

സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാനാവുന്ന ഒരാള്‍ക്ക് കുടുംബത്തിന് വേണ്ടി എന്തെല്ലാം ചെയ്യാനാവുമെന്ന് നിങ്ങള്‍ക്ക് ആലോചിക്കാവുന്നതാണ്. എന്റെ അമ്മ ഇവിടെയിരിക്കുന്നുണ്ട്. എന്റെ പിതാവ് മരിച്ചപ്പോള്‍ അമ്മയ്ക്കായി എല്ലാ ചെയ്ത് നല്‍കിയത് പ്രിയങ്കയാണ്. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ അവള്‍ക്ക് 17 വയസായിരുന്നു പ്രായം. എന്റെ സഹോദരിക്കും അമ്മയ്ക്കും എല്ലാം നഷ്ടപ്പെട്ടു. പക്ഷേ എന്റെ അമ്മയെ പരിപാലിച്ചതും സംരക്ഷിച്ചതും എന്റെ സഹോദരിയാണ്. അവളുടെ കുടുംബത്തിന് വേണ്ടി എന്തും ത്യജിക്കാന്‍ പ്രിയങ്ക തയ്യാറാണെന്നതില്‍ എനിക്ക് വിശ്വാസമുണ്ട്. പ്രിയങ്കയുടെ കൂട്ടുകാരെ കുറിച്ചും കുടുംബത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ കുറിച്ചും ഞാന്‍ എന്തിനാണ് നിങ്ങളോട് പറയുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും. പ്രിയങ്ക വയനാടിനെയും സ്വന്തം കുടുംബം പോലെ കണക്കാക്കും എന്നതു കൊണ്ടാണ് ഞാന്‍ ഇത് പറയുന്നത്. നിങ്ങളുടെ അടുത്ത് നിന്ന് എനിക്കൊരു സഹായം വേണം. എന്റെ സഹോദരി പ്രിയങ്ക എനിക്കായി ഉണ്ടാക്കി തന്ന രാഖിയാണ് എന്റെ കൈയില്‍ കിടക്കുന്നത്. ഇത് പൊട്ടിപോവുന്നത് വരെ ഇതെന്റെ കൈയിലുണ്ടാവും. ഒരു സഹോദരന്‍ സഹോദരിക്കായി ഒരുക്കുന്ന സംരക്ഷണത്തിന്റെ പ്രതീകമാണിത്. അതു തന്നെയാണ് എനിക്ക് വയനാട്ടിലെ ജനങ്ങളോടും പറയാനുള്ളത്. എന്റെ സഹോദരിയേ നോക്കൂ അവളെ സംരക്ഷിക്കൂ. വയനാടിലെ ജനങ്ങള്‍ക്കായി അവള്‍ തന്റെ പരമാവധി ഊര്‍ജം വിനിയോഗിക്കും. ഞാന്‍ നിങ്ങളുടെ പാര്‍ലമെന്റിലെ അനൗദ്യോഗിക മെമ്പറാണെന്ന് മറക്കരുത്. അതുകൊണ്ട് ഇടയ്ക്കിടെ ഇവിടെ വരാനും ഇവിടെത്തെ പ്രശ്‌നങ്ങളില്‍ ഇടപെടാനും നിങ്ങള്‍ എന്നെയും അനുവദിക്കണം. നന്ദി.

error: Content is protected !!