KSDLIVENEWS

Real news for everyone

ഇതുപോലൊരു ദുരന്തം ഇനി ഉണ്ടാവരുത്; സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യംചെയ്യാൻ അനുവദിക്കില്ല-പിണറായി

SHARE THIS ON

തിരുവനന്തപുരം: നിര്‍ഭയമായി, നീതിയുക്തമായി ജോലി ചെയ്യുന്നവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവീന്‍ ബാബുവിന്റെ ആത്മഹത്യ നടന്ന് ഒമ്പതാം നാളാണ് മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.

നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ഈയടുത്ത കാലത്ത് നമ്മുടെ സര്‍വീസിലുണ്ടായിരുന്ന ഒരാളുടെ കാര്യം നാട് പ്രത്യേകമായി ശ്രദ്ധിക്കുന്ന ഘട്ടമാണിത്. കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. സത്യസന്ധമായി ജോലി ചെയ്യുന്നവരെ ചോദ്യം ചെയ്യാന്‍ അനുവദിക്കില്ല. ഇതുപോലൊരു ദുരന്തം ഇനി നാട്ടില്‍ ഉണ്ടാവരുത്. ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കും. അത് ഉറപ്പിക്കാനുള്ള നടപടി ഉണ്ടാവും.’ – മുഖ്യമന്ത്രി പറഞ്ഞു

സിവില്‍ സര്‍വീസ് രംഗം മെച്ചപ്പെടണമെന്നും പഴയ കാലഘട്ടത്തിന്റെ ഹാങ് ഓവര്‍ ചിലര്‍ക്ക് ഇപ്പോഴുമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യം ഉണ്ടാവരുത്. കേരളം അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. ഫയല്‍ നീക്കത്തിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വകുപ്പുകള്‍ക്കിടയിലെ ഫയല്‍ നീക്കത്തിന് കാലതാമസം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

എ.ഡി.എമ്മിന്റെ മരണം സംബന്ധിച്ചുള്ള അന്വേഷണത്തിൽ ഒരു രീതിയിലുള്ള ഇടപെടലും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് കഴിഞ്ഞദിവസം എൽ.ഡി.എഫ്. യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്നും അത് എത്രയും വേഗം പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി യോഗത്തെ അറിയിക്കുകയുണ്ടായി. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുന്നതിൽ വീഴ്ചയുണ്ടാകില്ലെന്നും പി.പി. ദിവ്യക്കെതിരേ ഇപ്പോൾ സ്വീകരിക്കാൻ കഴിയുന്ന നടപടികൾ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിക്കുകയുണ്ടായി.

error: Content is protected !!