KSDLIVENEWS

Real news for everyone

ഡയാലിസിസിനു പോയ യുവാവ് ദേശീയപാതയിലെ ഗതാഗതക്കുരുക്കില്‍പ്പെട്ടു: ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു

SHARE THIS ON

അരൂര്‍: ഡയാലിസിസിന് കാറില്‍ ഒറ്റയ്ക്കുപോയ യുവാവ് അരൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന ദേശീയപാതയിലെ കുരുക്കില്‍പ്പെട്ടു. അവശനായ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടമായി. എഴുപുന്ന പഞ്ചായത്ത് ഏഴാം വാര്‍ഡ് ശ്രീഭദ്രത്തില്‍ (പെരുമ്പള്ളിച്ചിറ) ദിലീപ് പി.പി. (42) ആണ് മരിച്ചത്. കുറച്ചുവര്‍ഷങ്ങളായി വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഇദ്ദേഹം.


ആഴ്ചയില്‍ രണ്ടുതവണ എറണാകുളത്തെ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 11-ഓടെ ആശുപത്രിയിലേക്ക് പോകുമ്പോള്‍ അരൂര്‍ അമ്പലം ജങ്ഷനു സമീപമാണ് സംഭവം. അരൂരില്‍ താമസിക്കുന്ന ദിലീപിന്റെ ഭാര്യാസഹോദരന്‍ ഡിജു വി.ആര്‍. ആശുപത്രിയില്‍ കൂട്ടുപോകാനായി കാത്തു നിന്നിരുന്നു. പലവട്ടം ഫോണ്‍ ചെയ്തിട്ടും എടുക്കാതെ വന്നപ്പോള്‍ ഇദ്ദേഹം അന്വേഷിച്ചെത്തി. അപ്പോഴാണ് ഉയരപ്പാതയുടെ തൂണിനുതാഴേക്ക് വാഹനം മാറ്റിയിട്ട നിലയില്‍ കണ്ടത്.

ഇദ്ദേഹം സമീപത്തുള്ള അമ്പലം ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷക്കാരെയും വിളിച്ചു. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ പഞ്ചായത്തിന്റെ ആംബുലന്‍സെത്തി ഡയലാസിസ് ചെയ്യുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു.കൊച്ചിയിലെ ആഡംബര വാഹന ഷോറൂമിലെ ജീവനക്കാരനാണ്. അച്ഛന്‍ പ്രഭാകരന്‍. അമ്മ: സുശീല. ഭാര്യ: ഡിജി. മകന്‍: അര്‍ജുന്‍. സംസ്‌കാരം വ്യാഴാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!