ഫ്രഷ് കട്ട് സമരത്തില്‍ ക്രിമിനലുകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്: അത് എസ്ഡിപിഐ അല്ല ഡിവൈഎഫ്ഐ ആണ്; പി. അബ്ദുല്‍ ഹമീദ്

കോഴിക്കോട്: ഫ്രഷ് കട്ട് സമരവുമായി ബന്ധപ്പെട്ട അക്രമങ്ങളിലും തീവെപ്പിലും എസ്ഡിപിഐയെ വലിച്ചിഴയ്ക്കുന്ന സിപിഎം പ്രസ്താവന ദുരുദ്ദേശപരമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.
അബ്ദുല്‍ ഹമീദ്. പൊലീസിനെ ഉപയോഗിച്ച് സമരത്തെ അടിച്ചമർത്തുകയും ഫ്രഷ് കട്ട് മാനേജ്മെന്റിനെ സംരക്ഷിക്കുകയും ചെയ്യുന്നത് ജനകീയ സമരങ്ങളോടുള്ള സിപിഎം അസഹിഷ്ണുതയുടെ ഭാഗമാണെന്ന് അബ്ദുല്‍ ഹമീദ് പറഞ്ഞു.
നുഴഞ്ഞു കയറി കുഴപ്പമുണ്ടാക്കിയത് ഡിവൈഎഫ്ഐ ക്രിമിനലുകളാണ്. സമരത്തെ അട്ടിമറിക്കാൻ ശ്രമിച്ചവരെയും പ്ലാന്റിന് തീയിട്ടവരെയും കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തോടുള്ള സിപിഎം നിലപാട് ജനവിരുദ്ധമാണ്. ക്രിമിനലുകള്‍ നുഴഞ്ഞു കയറി കുഴപ്പമുണ്ടാക്കി എന്ന് പറയുന്നത് ശരിയാണ്. പക്ഷേ അത് എസ്ഡിപിഐ അല്ല ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ആണ്. അനുയോജ്യമായ സ്ഥലം കണ്ടെത്തി ഫ്രഷ് കട്ട് ഫാക്ടറി അവിടെ നിന്ന് മാറ്റണമെന്നും അബ്ദുല്‍ ഹമീദ് വ്യക്തമാക്കി.
ഫ്രഷ് കട്ട് സമരത്തില്‍ സംഘർഷം സൃഷ്ടിച്ചത് എസ്ഡിപിഐ എന്ന നിലപാടില്‍ ഉറച്ചാണ് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയുള്ളത്. അതേസമയം ഫ്രഷ് കട്ട് സമരത്തിലെ സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിഷേധിച്ച് സമരസമിതി രംഗത്ത് എത്തിയിരുന്നു. എസ്ഡിപിഐ നുഴഞ്ഞ് കയറി എന്ന വാദവും സമരസമിതി തളളിയിരുന്നു. സമരസമിതിയംഗങ്ങള്‍ പ്ലാൻ് അക്രമിച്ചില്ലെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും സമരസമിതിയുടെ ഭാഗമായിരുന്നുവെന്നുമാണ് സമരസമിതി ചെയർമാനായ ബാബു കുടുക്കി വ്യക്തമാക്കിയത്.