KSDLIVENEWS

Real news for everyone

‘ഇസ്രായേലിനെതിരെ ഉപരോധം വേണം’; യുഎന്നിനും ലോകനേതാക്കള്‍ക്കും ജൂത ഉദ്യോഗസ്ഥരും ഓസ്കര്‍ ജേതാക്കളുമടക്കം 450ലേറെ പ്രമുഖരുടെ കത്ത്

SHARE THIS ON

വാഷിങ്ടണ്‍: ലോകമനഃസാക്ഷിയെ ഞെട്ടിച്ച ഗസ്സ വംശഹത്യയില്‍ ഇസ്രായേലിനെതിരെ ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭയ്ക്ക് 450ലേറെ ജൂത പ്രമുഖരുടെ കത്ത്.

ഇസ്രായേലി ഉദ്യോഗസ്ഥർ, ഓസ്കർ ജേതാക്കള്‍, എഴുത്തുകാർ, ബുദ്ധിജീവികള്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് തുറന്ന കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. ഗസ്സ വംശഹത്യയെ ‘മനഃസാക്ഷിക്ക് നിരക്കാത്ത പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ച അവർ ഇസ്രായേലിനെതിരെ ശക്തമായ നടപടി വേണമെന്നും യുഎന്നിനോടും ലോക നേതാക്കളോടും ആവശ്യപ്പെട്ടു.

ഇസ്രായേലി നെസെറ്റ് മുൻ സ്പീക്കർ അവ്രഹാം ബർഗ്, മുൻ ഇസ്രായേലി സമാധാന ചർച്ചാ പ്രതിനിധി ഡാനിയേല്‍ ലെവി, ബ്രിട്ടീഷ് എഴുത്തുകാരൻ മൈക്കല്‍ റോസൻ, കനേഡിയൻ എഴുത്തുകാരി നവോമി ക്ലീൻ, ഓസ്കർ ജേതാവായ ചലച്ചിത്ര നിർമാതാവ് ജോനാഥൻ ഗ്ലേസർ, യുഎസ് നടൻ വാലസ് ഷോണ്‍, എമ്മി ജേതാക്കളായ ഇലാന ഗ്ലേസർ, ഹന്ന ഐൻബിൻഡർ, പുലിറ്റ്‌സർ സമ്മാന ജേതാവ് ബെഞ്ചമിൻ മോസർ എന്നിവർ കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച ബ്രസ്സല്‍സില്‍ യൂറോപ്യൻ യൂണിയൻ യോഗം ചേരുന്നതിനിടെയാണ് കത്ത് പ്രസിദ്ധീകരിച്ചത്.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടേയും വിധികള്‍ ഉയർത്തിപ്പിടിക്കുക, ആയുധ കൈമാറ്റം നിർത്തിവയ്ക്കുകയും ഉപരോധം ഏർപ്പെടുത്തുകയും ചെയ്ത് അന്താരാഷ്ട്ര നിയമലംഘനങ്ങളില്‍ പങ്കാളിയാകുന്നത് ഒഴിവാക്കുക, ഗസ്സയ്ക്ക് മതിയായ മാനുഷിക സഹായം ഉറപ്പാക്കുക, സമാധാനത്തിനും നീതിക്കും വേണ്ടി വാദിക്കുന്നവർക്കെതിരായ വ്യാജ ജൂതവിരുദ്ധ ആരോപണങ്ങള്‍ തള്ളിക്കളയുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ലോക നേതാക്കളോട് ഉന്നയിച്ചു.

ഇസ്രായേലി കണ്ടക്ടർ ഇലൻ വോള്‍ക്കോവ്, നാടകകൃത്ത് ഈവ് എന്‍സ്‌ലര്‍, അമേരിക്കൻ ഹാസ്യനടൻ എറിക് ആൻഡ്രെ, ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡാമണ്‍ ഗാല്‍ഗട്ട്, ഓസ്കാർ ജേതാവായ പത്രപ്രവർത്തകനും ഡോക്യുമെന്ററി പ്രവർത്തകനുമായ യുവാല്‍ എബ്രഹാം, ടോണി അവാർഡ് ജേതാവ് ടോബി മാർലോ, ഇസ്രായേലി തത്ത്വചിന്തകൻ ഒമ്രി ബോഹം എന്നിവരും കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

‘ഫലസ്തീനികളോടുള്ള ഞങ്ങളുടെ ഐക്യദാർഢ്യം ജൂതമതത്തോടുള്ള വഞ്ചനയല്ല, മറിച്ച്‌ അതിന്റെ പൂർത്തീകരണമാണ്’- ഒപ്പിട്ടവർ ചൂണ്ടിക്കാട്ടി. ‘ഒരു ജീവൻ നശിപ്പിക്കുന്നത് ഒരു ലോകത്തെ മുഴുവൻ നശിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പണ്ഡിതർ പഠിപ്പിച്ചത്. ഈ വെടിനിർത്തല്‍ അധിനിവേശത്തിന്റെയും വർണവിവേചനത്തിന്റെയും അവസാനത്തിലേക്ക് നീങ്ങുന്നതുവരെ ഞങ്ങള്‍ വിശ്രമിക്കില്ല’- അവർ വിശദമാക്കി.

വാഷിങ്ടണ്‍ പോസ്റ്റ് പോള്‍ പ്രകാരം 61 ശതമാനം യുഎസ് ജൂതന്മാരും ഗസ്സയില്‍ ഇസ്രായേല്‍ യുദ്ധക്കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് വിശ്വസിക്കുന്നു. 39 ശതമാനം പേർ ഗസ്സയിലേത് വംശഹത്യയാണെന്ന് വ്യക്തമാക്കുന്നു. അമേരിക്കയിലെ പൊതുജനങ്ങളില്‍ 45 ശതമാനവും ഇസ്രായേല്‍ വംശഹത്യ നടത്തുകയാണെന്ന് ബ്രൂക്കിങ്സ് ഇൻസ്റ്റിറ്റ്യൂഷനോട് പറഞ്ഞു. ആഗസ്റ്റില്‍ നടന്ന ക്വിന്നിപിയാക് സർവേയില്‍ 77 ശതമാനനം ഡെമോക്രാറ്റുകള്‍ ഉള്‍പ്പെടെ യുഎസ് വോട്ടർമാരില്‍ പകുതിയും ഇതേ നിലപാടുള്ളവരാണെന്നും കണ്ടെത്തി.

2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച ഗസ്സ വംശഹത്യയില്‍ ഇതുവരെ 67,173 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 20,000ലേറെയും കുട്ടികളാണ്. 1,67,000ലേറെ പേർക്ക് പരിക്കേറ്റു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന സമാധാന പദ്ധതി പ്രകാരം നടന്ന മധ്യസ്ഥ ചർച്ചയ്ക്ക് ശേഷം വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഇത് ലംഘിച്ച്‌ ഗസ്സയില്‍ ഇപ്പോഴും കുരുതി തുടരുകയാണ് ഇസ്രായേല്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!