ഓര്ഡിനന്സ് നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് തട്ടിപ്പ്- രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യധാരാ- സമൂഹമാധ്യമങ്ങളെയും രാഷ്ട്രീയവിമർശകരെയും നിശബ്ദരാക്കാൻ ഇടതു സർക്കാർ കൊണ്ടുവന്ന മാധ്യമ മാരണ ഓർഡിനൻസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമ മാരണ നിയമം പിൻവലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പിടുന്നതോടെ അത് നിയമമായി കഴിഞ്ഞു. ഒരു നിയമം നിലവിൽവന്നശേഷം അത് നടപ്പാക്കില്ലന്ന് മുഖ്യമന്ത്രിക്കല്ല ആർക്കും പറയാൻ കഴിയില്ല. നിയമം നടപ്പാക്കില്ലെന്ന പിണറായിയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി മാത്രമാണ്. കെ പി ആക്റ്റിലെ 118 എ എന്ന ഭേദഗതി മനുഷ്യാവകാശങ്ങളെയും ഭരണഘടന ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണ്ഭരണഘടനാപരമായിത്തന്നെ നിലനിൽപ്പില്ലാത്ത ഒരു ഭേദഗതിയാണ് ഈ സർക്കാർ കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ അത് പിൻവലിക്കുകയാണ് വേണ്ടത്. ഭേദഗതി നടപ്പിലാക്കില്ലെന്ന് സർക്കാർ പറഞ്ഞാലും അത് നിയമമായി നിലനിൽക്കുന്ന കാലത്തോളം പൊലീസിന് ഇതുപയോഗിച്ച് കേസുകൾ രജിസ്റ്റർ ചെയ്യാം. നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ഏട്ടിലെ പശുമാത്രമാണ്.
സി പിഎം കേന്ദ്ര നേതൃത്വവും പ്രശാന്ത് ഭൂഷണേപ്പോലുള്ള നിയമവിദഗ്ധരും മാധ്യമ ലോകവും പൊതുസമൂഹവും ഈ നിയമത്തെ ജനാധിപത്യവിരുദ്ധം എന്ന് വിശേഷിപ്പിച്ചിട്ടും അത് പിൻവലിക്കാതിരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. സുപ്രീം കോടതിയുടെ നിരവധി വിധികളുടെ അന്തസത്തക്കെതിരായി കൊണ്ടുവന്ന ഈ ഭേദഗതിക്ക് നിയമപരമായി യാതൊരു നിലനിൽപ്പുമില്ല. മാധ്യമങ്ങളെയും രാഷ്ട്രീയ വിമർശകരെയും പ്രതിപക്ഷത്തെയും നിശബ്ദരാക്കാൻ കൊണ്ടുവന്ന ഈ ഭേദഗതി ഉടൻ പിൻവലിക്കുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

