സർട്ടിഫിക്കറ്റ് നൽകുന്നതിന് 20 പേരിൽനിന്ന് 20,000 രൂപ കൈക്കൂലി; കേന്ദ്ര അസി. ലേബർ കമ്മിഷണർ പിടിയിൽ

കാക്കനാട്: 20,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര അസി. ലേബർ കമ്മിഷണറെ വിജിലൻസ് പിടികൂടി. കാക്കനാട് ഓലിമുകളിൽ പ്രവർത്തിക്കുന്ന കേന്ദ്ര റീജണൽ ലേബർ കമ്മിഷണർ (സെൻട്രൽ) ഓഫീസിലെ അസി. കമ്മിഷണർ യു.പി. ഖരക്പുർ സ്വദേശി അജീത് കുമാറാണ് (32) അറസ്റ്റിലായത്.
ബി.പി.സി.എൽ. കമ്പനിയിൽ താത്കാലിക തൊഴിലാളികളെ ജോലിക്ക് കയറ്റുന്നതിന് സർട്ടിഫിക്കറ്റ് നൽകുന്നതിനാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരു തൊഴിലാളിക്ക് 1000 രൂപ പ്രകാരം 20 പേർക്കായാണ് 20,000 രൂപ ആവശ്യപ്പെട്ടത്.
അജീത് കുമാറിനെതിരേ നിരവധി പരാതികൾ ഉയർന്നിരുന്നു. എറണാകുളം വിജിലൻസ് ഡിവൈ.എസ്.പി. എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ മൂന്നുമാസമായി ഉദ്യോഗസ്ഥനെ നിരീക്ഷിച്ചുവരുകയായിരുന്നു. ഇതിനിടെയാണ് ബി.പി.സി.എൽ. കമ്പനിയിലേക്ക് തൊഴിലാളികളെ എത്തിക്കുന്ന സ്വകാര്യ കമ്പനി മാനേജർ അജീത് കുമാറിനെതിരേ രേഖാമൂലം പരാതി നൽകിയത്.
കമ്പനിയിൽ കരാർ തൊഴിലാളികളെ നിയമിക്കാൻ അസി. ലേബർ കമ്മിഷണറുടെ അനുമതി വേണം. ഇതിന് ചട്ടപ്രകാരം ഓൺലൈനായി നൽകുന്ന അപേക്ഷകൾ നിരസിക്കുകയാണ് പതിവ്. ഇത്തരത്തിൽ അപേക്ഷ തള്ളിക്കളഞ്ഞതിെന്റ കാരണമന്വേഷിച്ചെത്തിയ പരാതിക്കാരനോട് ഓരോ തൊഴിലാളിക്കും 1000 രൂപ വീതം നൽകിയാലേ പാസ് നൽകാനാവൂ എന്നറിയിക്കുകയായിരുന്നു.
തുടർന്ന് 20,000 രൂപ വെള്ളിയാഴ്ച ഓഫീസിലെത്തി കൈമാറാൻ ആവശ്യപ്പെട്ടു. ഇക്കാര്യം മാനേജർ എറണാകുളം വിജിലൻസ് യൂണിറ്റിൽ അറിയിച്ചു. ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ച് പ്രത്യേകം രാസവസ്തു പുരട്ടിയ നോട്ടുകൾ അജീത് കുമാറിനു കൈമാറി. ഈ സമയം വിജിലൻസ് സംഘം അജീത് കുമാറിനെ കൈയോടെ പിടികൂടുകയായിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-നാണ് സംഭവം. ഇതേ സമയംതന്നെ ഇയാളുടെ ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ 2.17 ലക്ഷ രൂപയും കണ്ടെടുത്തതായി വിജിലൻസ് ഡിവൈ.എസ്.പി. എൻ.ആർ. ജയരാജ് പറഞ്ഞു.

