പോലീസുകാരെ തട്ടിക്കൊണ്ടുപോകൽ ; പ്രതികൾക്കായി തിരച്ചിൽ

കാസർഗോഡ് ; കുമ്പള തീരദേശസേനയിലെ രണ്ട് സിവിൽ പോലീസ് ഉദ്യോഗസ്ഥരെ കടലിലെ പരിശോധനയ്ക്കിടെ ഇതര സംസ്ഥാന മത്സ്യത്തൊഴിലാളികൾ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.
ഇതിന്റെ ഭാഗമായി കുമ്പള തീരദേശസേന എസ്.ഐ. കെ.വി. രാജീവ് കുമാറും സംഘവും മംഗളൂരുവിലെത്തി അന്വേഷണം ആരംഭിച്ചു.
പ്രതികളായ മത്സ്യത്തൊഴിലാളികളിൽ ഭൂരിഭാഗം പേരുടേയും ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകൾ പോലീസിന്റെ കൈവശം ഉണ്ട്. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, ഭീക്ഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം തിങ്കളാഴ്ച രാത്രി തന്നെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കുമ്പള സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ കെ.കെ. സുധീഷ്, ആർ. രഘു എന്നിവരെയാണ് 19 അംഗ മത്സ്യത്തൊഴിലാളി സംഘം തിങ്കളാഴ്ച പരിശോധനയ്ക്കിടെ ബോട്ടിൽ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരെ കർണാടക ഫിഷറീസ് വകുപ്പിന്റെ സഹായത്തോടെ മംഗളൂരുവിലെ ബന്തർ ഹാർബറിൽ കേരള പോലീസെത്തി മോചിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം തിങ്കളാഴ്ചമുതൽ കടലിൽ വ്യാപക പരിശോധന ആരംഭിച്ചിട്ടുണ്ട്.
അനധികൃതമായും രേഖകളില്ലാതെയും മത്സ്യബന്ധനം നടത്തുന്ന മുഴുവൻ ബോട്ടുകളും പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു.