സൂഫിയും സുജാതയും സംവിധായകൻ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു

മലയാള സിനിമയിലെ യുവനിര സംവിധായകന്മാരില്‍ ശ്രദ്ധേയനായ ഷാനവാസ് നരണിപ്പുഴ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംവിധായകന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന ഷാനവാസിന് ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മസ്തിഷ്‌ക മരണം സംഭവിച്ചു.
പുതിയ സിനിമയുടെ എഴുത്ത് ജോലികളുമായി അട്ടപ്പാടിയില്‍ തിരക്കിലിരിക്കവേയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിക്കുന്നത്. ഉടനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയി. വഴിയില്‍ വെച്ച് ആംബുലന്‍സില്‍ നിന്ന് രക്തസ്രാവം ഉണ്ടായതായി ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു.കോയമ്ബത്തൂരിലെ കെ.ജി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഷാനവാസ് വൈകാതെ തിരിച്ച് വരുമെന്നുള്ള പ്രതീക്ഷയിലും പ്രാര്‍ഥനകളിലുമായിരുന്നു പ്രിയപ്പെട്ടവര്‍.
മലപ്പുറം ജില്ലയിലെ നരണിപ്പുഴ സ്വദേശിയായ ഷാനവാസ് കരി, സൂഫിയും സുജാതയും എന്നീ സിനിമകള്‍ ചെയ്തു. സംവിധായകന്‍, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. സിനിമയില്‍ എഡിറ്ററായിട്ടാണ് തുടക്കം കുറിച്ചത്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തു, ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തു.
മലയാളത്തിലെ ആദ്യ ഒടിടി റിലീസ് ആയ സൂഫിയും സുജാതയും വിജയമായതോടെയാണ് ഷാനവാസിനെ കുറിച്ച് പുറംലോകം അറിയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും ഷാനവാസായിരുന്നു. കൊവിഡ് പ്രതിസന്ധിയില്‍ തിയേറ്ററുകള്‍ അടച്ചെങ്കിലും ഒടിടി റിലീസ് ചെയ്ത് കൈയടി വാങ്ങാന്‍ ഷാനവാസിന് സാധിച്ചിരുന്നു. തുടക്കത്തില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നെങ്കിലും സിനിമ വലിയ തരംഗമായി. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിയാലിരുന്നു ഷാനവാസ്.