KSDLIVENEWS

Real news for everyone

ബെഡന്റെ വിജയം തടയാൻ വൈറ്റ്ഹൗസിൽ ഗൂഢാലോചന

SHARE THIS ON

വാഷിങ്ടണ്‍
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ നേടിയ വിജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിക്കുന്നത് തടയാന്‍ വൈറ്റ്ഹൗസില്‍ ഗൂഢാലോചന. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഒരു ഡസനില്‍പരം കോണ്‍ഗ്രസ് അംഗങ്ങളും പങ്കെടുത്ത യോഗം മൂന്ന് മണിക്കൂര്‍ നീണ്ടു.

അമേരിക്കന്‍ ഭരണഘടനയനുസരിച്ച്‌ പ്രസിഡന്റിനെ തെരഞ്ഞെടുത്ത് ഇലക്ടറല്‍ കോളേജ് അംഗങ്ങള്‍ ചെയ്ത വോട്ട് ജനുവരി ആറിനാണ് കോണ്‍ഗ്രസ് എണ്ണേണ്ടത്. 538 അംഗ ഇലക്ടറല്‍ കോളേജില്‍ ബൈഡന് 306 ഉം ട്രംപിന് 232ഉം വോട്ടാണ് ലഭിച്ചത്. എന്നാല്‍, കടുത്ത മത്സരം നടന്ന മിഷിഗന്‍, വിസ്കോണ്‍സിന്‍, പെന്‍സില്‍വേനിയ, ജോര്‍ജിയ, നെവാഡ എന്നീ സംസ്ഥാനങ്ങളിലെ ഫലത്തെ കോണ്‍ഗ്രസില്‍ ചോദ്യം ചെയ്യാനാണ് പരിപാടിയെന്ന് യോഗത്തിന്റെ മുഖ്യ സംഘാടകനായ അലബാമയില്‍നിന്നുള്ള പ്രതിനിധിസഭാംഗം മോ ബ്രുക്സ് പറഞ്ഞു.മഹാമാരി കാരണം സംസ്ഥാനങ്ങള്‍ ബാലറ്റിലും തെരഞ്ഞെടുപ്പ് നടപടികളിലും വരുത്തിയ മാറ്റങ്ങള്‍ ക്രമക്കേടിന് ഇടയാക്കിയെന്ന വാദമാണ് ഇവര്‍ക്കുള്ളത്.

എന്നാല്‍, തോല്‍ക്കുമെന്ന് ഉറപ്പുള്ള ഈ നീക്കത്തിന് റിപ്പബ്ലിക്കന്‍ പാര്‍ടിയില്‍ പോലും കാര്യമായ പിന്തുണയില്ല. സെനറ്റിലെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച്‌ മക്കോണലും രണ്ടാമനായ ജോണ്‍ ത്യൂണും ഇത്തരം നീക്കത്തിനെതിരെ സഹ അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രതിനിധിസഭയില്‍ ഭൂരിപക്ഷം ഡെമോക്രാറ്റുകള്‍ക്കാണ്.

ഇതിനിടെ ബൈഡന്‍ പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജനുവരി 20ന് ഓണ്‍ലൈനായി ട്രംപിന്റെ രണ്ടാം അധികാരാരോഹണ ചടങ്ങ് സംഘടിപ്പിക്കാന്‍ അനുയായികള്‍ തീരുമാനിച്ചു. ട്രംപാണ് യഥാര്‍ഥ വിജയി എന്ന് ഇപ്പോഴും വിശ്വസിക്കുന്ന മൂന്നേകാല്‍ ലക്ഷം ആളുകള്‍ ഇതില്‍ പങ്കെടുക്കുമെന്ന് അറിയിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!