അനുമതി തേടിയത് ചട്ടപ്രകാരമല്ല; മുഖ്യമന്ത്രിയുടെ കത്തിന് ഗവര്‍ണറുടെ മറുപടി

തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിയിൽ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി നൽകിയ കത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകി. പ്രത്യേക സമ്മേളനത്തിനുള്ള അനുമതി തേടിയത് ചട്ടപ്രകാരമല്ലെന്നാണ് ഗവർണറുടെ മറുപടി. മുഖ്യമന്ത്രിയുടെ കത്ത് മാധ്യമങ്ങളിലൂടെ പുറത്തായതിലും ഗവർണ്ണർ അതൃപ്തി അറിയിച്ചു.
പ്രത്യേക സഭാസമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണറുടെ നടപടിക്കെതിരേ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരണം അറിയിച്ചിരുന്നത്.
ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന് ) അനുച്ഛേദത്തിനു വിരുദ്ധമാണ്. സഭ വിളിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കാനോ ഗവർണർക്ക് വിവേചനാധികാരമില്ല, രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണു പ്രവർത്തിക്കേണ്ടത്. പഞ്ചാബും ഷംസീർ സിങ്ങും തമ്മിലുള്ള കേസിൽ (1975) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്, സഭയിൽ ഭൂരിപക്ഷമുള്ള സർക്കാർ നിയമസഭ വിളിക്കാനോ പിരിയാനോ ശുപാർശ ചെയ്താൽ അതനുസരിക്കാൻ ഗവർണർ ബാധ്യസ്ഥനാണ്. സഭ വിളിക്കാൻ മന്ത്രിസഭ ശുപാർശചെയ്താൽ അത് നിരസിക്കാൻ ഗവർണർക്ക് അധികാരമില്ല. കീഴ്വഴക്കങ്ങളും അതുതന്നെയാണ് എന്നിവയായിരുന്നു മുഖ്യമന്ത്രി ഗവർണർക്ക് നൽകിയ കത്തിലെ പ്രധാന പരാമർശങ്ങൾ
എന്നാൽ മുഖ്യമന്ത്രിയുടെ കത്തിൽ പറഞ്ഞ വാദങ്ങൾ നിലനിൽക്കുന്നതല്ലെന്നാണ് ഗവർണറുടെ മറുപടി. മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാന രഹിതമാണ്. സർക്കാർ ആരോപിക്കുന്ന കാര്യങ്ങൾ താൻ ചെയതിട്ടില്ല. പ്രത്യേക സമ്മേളനത്തിനായി ചട്ടപ്രകാരമുള്ള അപേക്ഷയല്ല സർക്കാരിൽ നിന്ന് വന്നത്. ജനുവരി എട്ടിനാരംഭിക്കുന്ന ബജറ്റ് സമ്മേളനത്തിന് നൽകിയ അനുമതി പിൻവലിക്കണമെന്ന സർക്കാർ ആവശ്യത്തെയും ഗവർണർ ചോദ്യം ചെയ്യുന്നുണ്ട് . എന്താണ് പ്രത്യേക സമ്മേളനം ചേരാനുള്ള അടിയന്തിര സാഹചര്യം എന്ന ചോദ്യത്തിനു സർക്കാർ മറുപടി നൽകിയില്ലെന്നും ഗവർണറുടെ മറുപടി കത്തിൽ പറയുന്നു.
അതീവ രഹസ്യസ്വഭാവമുള്ളത് എന്ന് പറഞ്ഞാണ് മുഖ്യമന്ത്രിയുടെ കത്ത് ലഭിക്കുന്നത്. എന്നാൽ തനിക്ക് കത്ത് കിട്ടുമ്പോൾ തന്നെ കൈരളി ചാനലിൽ ആ വാർത്ത വായിക്കുന്നത് കേട്ടു എന്നും ഗവർണർ കത്തിൽ പറയുന്നുണ്ട്.