‘അര്‍ഹതയില്ലാതെ ലോകകപ്പില്‍ തൊട്ടു, താരങ്ങളെ അപമാനിച്ചു’; സാള്‍ട്ട് ബേയ്ക്ക് യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ വിലക്ക്

അര്‍ഹതയില്ലാതെ ലോകകപ്പ് ട്രോഫി കയ്യിലെടുത്ത് ആരാധകരെ ചൊടിപ്പിച്ച തുര്‍ക്കി ഷെഫ് ‘സാള്‍ട്ട് ബേ’ എന്നറിയപ്പെടുന്ന നസ്ര്‍-എറ്റ് ഗോക്‌സെയെ യുഎസ് ഓപ്പണ്‍ കപ്പ് ഫൈനലില്‍ നിന്ന് വിലക്കി. 1914ല്‍ തുടങ്ങിയ അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും പ്രൗഡഗംഭീരവുമായ സോക്കര്‍ ടൂര്‍ണമെന്റാണ് യു.എസ് ഓപ്പണ്‍ കപ്പ്. ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം സാള്‍ട്ട് ബേയ് ബഹളമുണ്ടാക്കിയെന്നും ഫിഫയുടെ സുപ്രധാന നിയമം ലംഘിക്കുകയും ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
കളിക്കളത്തിലേക്ക് ഇറങ്ങിയതിന് ശേഷം ആരാധകരെ വല്ലാതെ അലോസരപ്പെടുത്തിയ അദ്ദേഹം അര്‍ജന്റീനയുടെ ലോകകപ്പ് ആഘോഷങ്ങള്‍ക്കും വിഘ്‌നം വരുത്തി. കളിക്കാര്‍ കുടുംബത്തോടൊപ്പം ആഹ്ലാദിക്കുമ്ബോള്‍, ഫിഫ നിയമങ്ങള്‍ പൂര്‍ണ്ണമായും അവഗണിച്ച് അദ്ദേഹം ഫിഫ ട്രോഫി പിടിച്ചെടുക്കുകയും അതിനോടൊപ്പം പോസ് ചെയ്യുകയുമായിരുന്നു.
ഫോട്ടോ എടുക്കുന്നതിനായി ലയണല്‍ മെസ്സിയെ ശല്യപ്പെടുത്തുന്നതും കാണാനിടയായി. എന്നാല്‍ മെസ്സി അദ്ദേഹത്തെ അവഗണിക്കുകയും സഹതാരങ്ങള്‍ക്കൊപ്പം വിജയം ആഘോഷിക്കുകയുമായിരുന്നു. എന്നാല്‍ സാള്‍ട്ട് ബേ മെസ്സിയെ ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നു. ഒടുവില്‍ അദ്ദേഹം മെസിക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്തു.
അലക്‌സിസ് മക്‌അലിസ്റ്റര്‍, പൗലോ ഡിബാല, നിക്കോളാസ് ഒട്ടമെന്‍ഡി, എയ്ഞ്ചല്‍ ഡി മരിയ, ലിയാന്‍ഡ്രോ പരേഡെസ് എന്നിവരുള്‍പ്പെടെയുള്ള മറ്റു താരങ്ങള്‍ക്കൊപ്പവും അദ്ദേഹം പോസ് ചെയ്തു. കൂടാതെ ചില താരങ്ങളുടെ മെഡലുകള്‍ കടിച്ചതും ആരാധകരുടെ രോഷത്തിനിടയാക്കി. സാള്‍ട്ട് ബേയ്‌ക്കെതിരെ നിരവധി ആരാധകരാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. അദ്ദേഹത്തെ എങ്ങനെയാണ് ഫിഫാ വേദിക്ക് സമീപം അനുവദിച്ചതെന്നും ആരാധകര്‍ ചോദിച്ചു.
20 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 18 കാരറ്റ് സ്വര്‍ണ്ണ ട്രോഫി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമേ തൊടാന്‍ അവസരമുള്ളൂ. ഫിഫയുടെ നിയമാവലി പ്രകാരം, ഫിഫ ലോകകപ്പ് മുന്‍ ജേതാക്കള്‍ക്കും രാഷ്ട്രതലവന്മാര്‍ക്കും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ക്കും മാത്രമേ ലോകകപ്പ് ട്രോഫി തൊടാനും പിടിക്കാനും അനുവാദമുള്ളൂ. സാള്‍ട്ട് ബേയെ വിലക്കിയുള്ള തീരുമാനത്തെ പലരും ട്വിറ്ററില്‍ സ്വാഗതം ചെയ്തു. ഒരു തുര്‍ക്കി പൗരനെന്ന നിലയില്‍ ഇത് തന്നെ വളരെയധികം സന്തോഷിപ്പിച്ചെന്നും നന്ദിയുണ്ടെന്നും ഒരാള്‍ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹം കളിക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ശല്യപ്പെടുത്തിയെന്നും അവരുടെ വിജയം ആഘോഷിക്കാന്‍ താരങ്ങളെ അനുവദിച്ചില്ലെന്നും മറ്റൊരു വിഭാഗം കുറ്റപ്പെടുത്തുന്നു. മൊത്തത്തില്‍ സാള്‍ട്ട് ബേയില്‍ നിന്നുണ്ടായത് മോശം പ്രവര്‍ത്തിയാണെന്നാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്.

