വിവാഹം കഴിഞ്ഞ് പിറ്റേദിവസം ഭാര്യയെ മുറിയിലിട്ട് മർദിച്ച് മോട്ടിവേഷണൽ സ്പീക്കർ, അസഭ്യവർഷം; കേസ്

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനപരാതിയില്‍ മോട്ടിവേഷണല്‍ സ്പീക്കറും സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറുമായ വിവേക് ബിന്ദ്രക്കെതിരേ പോലീസ് കേസെടുത്തു. ഭാര്യ യാനിക ബിന്ദ്രയെ മര്‍ദിച്ചെന്ന പരാതിയിലാണ് നോയിഡ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവാഹം കഴിഞ്ഞ് പിറ്റേദിവസം വിവേക് ബിന്ദ്ര ഭാര്യയെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.
ദമ്പതിമാര്‍ താമസിക്കുന്ന നോയിഡ സെക്ടര്‍ 94-ലെ സൂപ്പര്‍നോവ വെസ്റ്റ് റെസിഡന്‍സിയില്‍ ഡിസംബര്‍ ഏഴാംതീയതിയായിരുന്നു സംഭവം. ഡിസംബര്‍ ആറിനാണ് വിവേകും യാനികയും വിവാഹിതരായത്. പിറ്റേദിവസം അപ്പാര്‍ട്ട്മെന്റില്‍വെച്ച് വിവേകും അമ്മ പ്രഭയും തമ്മില്‍ തര്‍ക്കമുണ്ടായി. ഈ തര്‍ക്കത്തില്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതോടെയാണ് യാനികയെ വിവേക് ബിന്ദ്ര ശാരീരികമായി ഉപദ്രവിച്ചത്.
യാനികയെ കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി വിവേക് ക്രൂരമായി ഉപദ്രവിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. നിരന്തരം അസഭ്യംപറഞ്ഞു. മുടിയില്‍ കുത്തിപ്പിടിച്ച് മര്‍ദിച്ചു. മര്‍ദനത്തെത്തുടര്‍ന്ന് യുവതിക്ക് കേള്‍വിത്തകരാര്‍ സംഭവിച്ചെന്നും യാനികയുടെ മൊബൈല്‍ഫോണും പ്രതി നശിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ യാനികയുടെ സഹോദരന് വൈഭവ് ഖ്വാത്രയാണ് പോലീസില്‍ പരാതിനല്‍കിയത്. തുടര്‍ന്ന് വിവിധ വകുപ്പുകള്‍ പ്രകാരം നോയിഡ പോലീസ് കേസെടുക്കുകയായിരുന്നു.
ഇന്‍സ്റ്റഗ്രാം, യൂട്യൂബ് അടക്കമുള്ള സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ള മോട്ടിവേഷണല്‍ സ്പീക്കറാണ് വിവേക് ബിന്ദ്ര. ബഡാ ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ്(ബി.ബി.പി.എല്‍) എന്ന കമ്പനിയുടെ സി.ഇ.ഒ. ആയും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ ബിന്ദ്രയുടെ കമ്പനിക്കെതിരേ തട്ടിപ്പ് നടത്തിയതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

