ബേക്കലിൽ ആഘോഷരാവുകൾക്ക് തുടക്കം; 10 ദിവസം നീളുന്ന ബേക്കൽ ബീച്ച് ഫെസ്റ്റ് സ്പീക്കർ ഉദ്ഘാടനം ചെയ്തു

ബേക്കൽ∙ കാസർകോടിന് നവവത്സരാഘോഷത്തിന് നിറംപകർന്ന് ബേക്കൽ ബീച്ച് ഫെസ്റ്റിന് തുടക്കം. നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. സി.എച്ച്.കുഞ്ഞമ്പു എംഎൽഎ അധ്യക്ഷത വഹിച്ചു. പിലാത്തറ ലാസ്യ കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം, തൈക്കൂടം ബ്രിജ് നയിക്കുന്ന മ്യൂസിക് ഷോ എന്നിവ ഇന്നലെ അരങ്ങേറി. വിപണന മേളയും ഭക്ഷ്യ സ്റ്റാളുകളും അമ്യൂസ്‌മെന്റ് പാർക്കും ഫെസ്റ്റിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. രണ്ട് വേദികളിലായിട്ടാണ് പരിപാടികൾ. ഒന്നാം വേദിയിൽ പ്രമുഖ കലാകാരൻ അണിനിരക്കുന്ന ഇനങ്ങൾ അരങ്ങേറും. രണ്ടാം വേദി റെഡ് മൂൺ ബീച്ചിലാണ് ഒരുക്കിയിരിക്കുന്നത്.
പരിപാടികൾ
∙ഇന്ന് ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവർ നയിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ ട്രിയോ.
∙നാളെ കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം,
∙25ന് എം.ജി.ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കൽ ഇവന്റ്
സർക്കാർ ധനസഹായം അനുവദിച്ചെന്ന് എംഎൽഎ
കാസർകോട്∙ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന്റെ നടത്തിപ്പിനായി ബിആർഡിസിക്ക് സർക്കാർ അനുമതിയും വിനോദ സഞ്ചാര വകുപ്പ് 10 ലക്ഷം രൂപയും അനുവദിച്ചതായി സി.എച്ച്. കുഞ്ഞമ്പു എംഎൽഎ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾ തനത് ഫണ്ടിൽ നിന്ന് ജില്ലാ പഞ്ചായത്ത് 5 ലക്ഷവും നഗരസഭകൾ 3 ലക്ഷവും ബ്ലോക്ക് പഞ്ചായത്തുകൾ 1 ലക്ഷം രൂപയും ഉദുമ മണ്ഡലത്തിൽ പഞ്ചായത്തുകൾ 1 ലക്ഷം രൂപയും അനുവദിക്കുന്നതിനും ഉത്തരവായതായി എംഎൽഎ അറിയിച്ചു.

