KSDLIVENEWS

Real news for everyone

കറുപ്പണിഞ്ഞ് പുതുപ്പള്ളി ഹൗസിനു മുന്നിൽ ചാണ്ടി ഉമ്മൻ; മുഖ്യമന്ത്രി കടന്നുപോയ വഴിയിൽ ഒറ്റയാൾ പ്രതിഷേധം

SHARE THIS ON

തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫിസ് മാർച്ചിനെതിരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കറുത്ത വസ്ത്രം അണിഞ്ഞ് ഒറ്റയാൾ പോരാട്ടവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തിരുവനന്തപുരം ജഗതിയിലെ പുതുപ്പള്ളി ഹൗസിനു മുന്നിലാണ് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. നവകേരള ബസ്സിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കടന്നു പോയ വഴിയിലാണ് കറുത്ത വസ്ത്രം ധരിച്ച് ചാണ്ടി ഉമ്മന്റെ പ്രതിഷേധം. 

ചാണ്ടി ഉമ്മന്റെ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്തെത്തിയെങ്കിലും  എഴുന്നേറ്റു പോകാൻ ചാണ്ടി ഉമ്മൻ തയാറായില്ല. മുഖ്യമന്ത്രിയുടെ അവസാനത്തെ വാഹനവ്യൂഹവും കടന്നു പോയതിനു ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്. 
‘‘എത്ര ദിവസമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചുകൊണ്ട് ഇരിക്കുകയാണ്. ഞാനിപ്പോ ആശുപത്രിയിൽനിന്നാണ് വരുന്നത്. അവിടെ ഞങ്ങളുടെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കിരൺ ദേവിന്റെ മൂക്കിന്റെ പാലം തകർത്ത് ചികിത്സയിലാണ്, സംസ്ഥാന ജനറൽ സെക്രട്ടറിയായ അനീഷിനെ ക്രൂരമായി മർദ്ദിച്ചു, അദ്ദേഹത്തിന്റെ കാലോടിഞ്ഞ് ഇരിക്കുകയാണ്. ഇന്ന് പ്രതിപക്ഷ നേതാവ് പ്രസംഗിച്ചുകൊണ്ട് ഇരിക്കുമ്പോൾ കണ്ണീർവാതകം പ്രയോഗിച്ച് ആക്രമിക്കുന്നു. പ്രതിഷേധിക്കാനാണോ കാരണമില്ലാത്തത്.’’– ചാണ്ടി ഉമ്മൻ പറഞ്ഞു. 
എന്തുകൊണ്ടാണ് ഇവിടെവന്ന് ഇരിക്കുന്നതെന്നും മുഖ്യമന്ത്രി ഇതുവഴി കടന്നു പോകുന്നതുകൊണ്ടാണോ എന്നും മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ, ‘‘എന്റെ വീടിന്റെ മുന്നിൽ എനിക്ക് ഇരിക്കാൻ കഴിയില്ലേ, ഒരുപാട് പേർ ഇതുവഴി കടന്നു പോകുന്നുണ്ട്’’എന്നാണ്. ‘‘ഇന്ന് എന്റെ ഒരു സഹപ്രവർത്തകൻ കറുപ്പ് വസ്ത്രം ധരിച്ചു വന്നപ്പോൾ സമ്മതിച്ചില്ല. കഴിഞ്ഞ ദിവസം ഒരു പഞ്ചായത്ത് മെമ്പർ കറുപ്പിട്ട് വന്നപ്പോൾ പൊലീസു പിടിച്ച് അകത്തിട്ടു. ഞാൻ പറഞ്ഞിട്ടു പോലും അവർ പുറത്തിറക്കാൻ തയാറായില്ല’’– അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!