KSDLIVENEWS

Real news for everyone

സ്ഥലം ലഭ്യമാക്കിയാൽ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാർ – കേന്ദ്രം

SHARE THIS ON

തിരുവനന്തപുരം: സ്ഥലം ലഭ്യമാക്കിയാൽ കേരളത്തിന് ആണവ വൈദ്യുതനിലയം അനുവദിക്കാൻ തയ്യാറാണെന്ന് കേന്ദ്ര ഊർജമന്ത്രി മനോഹർലാൽ ഘട്ടർ. 150 ഏക്കർ സ്ഥലംവേണം. കാസർകോട്ടെ ചീമേനിയാണ് അനുയോജ്യസ്ഥലമെന്നും മന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ വൈദ്യുതി- നഗരവികസന പ്രവർത്തനങ്ങൾ അവലോകനംചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് ആണവനിലയമായിക്കൂടെന്ന് ചോദ്യം ഉന്നയിച്ചത് കേന്ദ്രമന്ത്രിയാണെന്ന് ഊർജവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. സ്ഥലം ലഭ്യമാക്കിയാൽ കേന്ദ്രം സാധ്യമായ സഹായമെല്ലാംചെയ്യാം. നിലയം സ്ഥാപിച്ചാൽ കേരളത്തിലെ വൈദ്യുതിപ്രതിസന്ധി വലിയതോതിൽ പരിഹരിക്കാനാവുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

ആണവ വൈദ്യുതനിലയത്തിനായി സംസ്ഥാന സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല. എന്നാൽ, മുൻപ്‌ ഊർജവകുപ്പും വൈദ്യുതിബോർഡും പദ്ധതിനിർദേശവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. തൃശ്ശൂരിലെ അതിരപ്പിള്ളിയും കാസർകോട്ടെ ചീമേനിയുമാണ് ബോർഡ് നിർദേശിച്ചത്.

എന്നാൽ, ഞായറാഴ്ച ഇതേക്കുറിച്ച് ചർച്ചവന്നപ്പോൾ കേന്ദ്രസഹമന്ത്രി സുരേഷ്‌ഗോപി അതിരപ്പള്ളി ഇതിനായി നിർദേശിക്കുന്നതിനെ എതിർത്തു. അവിടെ ഡിസ്‌നി ലാൻഡ് മാതൃകയിൽ വലിയൊരു ടൂറിസംകേന്ദ്രം ആസൂത്രണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. അവലോകനയോഗത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രിയെ സന്ദർശിച്ചെങ്കിലും ഇക്കാര്യം ചർച്ചചെയ്തില്ല.

കേന്ദ്രമന്ത്രിക്ക് കേരളം നൽകിയ നിവേദനത്തിലും ആണവനിലയത്തെക്കുറിച്ച് പരാമർശമില്ല. ആണവനിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ആണവോർജ കോർപ്പറേഷനുമായി കെ.എസ്.ഇ.ബി. ചെയർമാൻ ബിജു പ്രഭാകർ നേരത്തേ ചർച്ചനടത്തിയിരുന്നു. 220 മെഗാവാട്ടിന്റെ രണ്ടുനിലയങ്ങളിൽനിന്നായി 440 മെഗാവാട്ട് ഉത്പാദിപ്പിക്കുകയാണ് കെ.എസ്.ഇ.ബി.യുടെ ലക്ഷ്യം. 7000 കോടി ചെലവുവരും. ഇതിന്റെ 60 ശതമാനം കേന്ദ്രം നൽകണമെന്നും കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടിരുന്നു. അംഗീകാരമായാൽ 10 വർഷംകൊണ്ട് പദ്ധതി പൂർത്തിയാക്കാമെന്നാണ് കണക്കുകൂട്ടൽ.

പൊതുസമവായം ഉണ്ടെങ്കിലേ ചിന്തിക്കാനാവൂ -മന്ത്രി കെ. കൃഷ്ണൻകുട്ടി

തിരുവനന്തപുരം: പൊതുസമവായമുണ്ടെങ്കിലേ കേരളത്തിൽ ആണവ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കാനാവൂ എന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി ‘മാതൃഭൂമി’യോട് പറഞ്ഞു. കേരളത്തിൽ സുലഭമായ തോറിയം ഉപയോഗിച്ച് കേരളത്തിനുപുറത്ത് നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് കേരളം ചർച്ച ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!