സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സംഘ്പരിവാറിന്റെ ക്രൈസ്തവ സ്‌നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യര്‍
പാലക്കാട്: ക്രിസ്മസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാര്‍ ജാമ്യം കിട്ടിയാലുടന്‍ കേക്കുമായി ക്രൈസ്തവ ഭവനങ്ങളില്‍ എത്തുന്നതാണെന്ന് സന്ദീപ് വാര്യര്‍.
സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് സംഘ്പരിവാറിന്റെ െ്രെകസ്തവസ്‌നേഹത്തെ പരിഹസിച്ച് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. കേസില്‍ മൂന്ന് വിശ്വഹിന്ദു പ്രവര്‍ത്തകര്‍ അറസ്റ്റിലായത് ചൂണ്ടിക്കാട്ടിയാണ് മുന്‍ ബി ജെ പി നേതാവ് കൂടിയായ സന്ദീപിന്റെ പരിഹാസം. ‘സ്‌കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടന്‍ ക്രിസ്മസ് കേക്കുമായി ഇവര്‍ െ്രെകസ്തവഭവനങ്ങളില്‍ എത്തുന്നതാണ്’ എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിന്റെ പേരിലാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, ജില്ലാ സംയോജക് വി. സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വേഷം അണിഞ്ഞ് കരോള്‍ നടത്തുമ്ബോഴാണ് വിശ്വഹിന്ദു പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ എത്തിയത്. ശ്രീകൃഷ്ണ ജയന്തിയാണ് ആഘോഷിക്കേണ്ടതെന്ന് പറഞ്ഞ വി.എച്ച്.പി പ്രവര്‍ത്തകര്‍, പ്രധാന അധ്യാപികയേയും അധ്യാപകരേയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.