പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ ജാഗ്രത വേണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്പോണ്‍സ് ടീം യോഗം ചേർന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
പക്ഷിപ്പനി ഇതുവരെ മനുഷ്യരെ ബാധിച്ചിട്ടില്ലെങ്കിലും മുൻ കരുതലുകള്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പരിശീലനം സിദ്ധിച്ച വണ്‍ ഹെല്‍ത്ത് കമ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തില്‍ സാമൂഹിക അവബോധം ശക്തിപ്പെടുത്തും. പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിർദേശം നല്‍കി.
ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുതെന്നും നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. പക്ഷികളുടെ പച്ചമാംസം, കാഷ്ടം എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് റിസ്ക് കൂടുതലാണ്.
ഇവർ മാസ്ക്കുകള്‍, കൈയുറകള്‍ തുടങ്ങിയ സുരക്ഷാ മാർഗങ്ങള്‍ ഉപയോഗിക്കണം. മാംസം നല്ലതുപോലെ വേവിച്ച് കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

