KSDLIVENEWS

Real news for everyone

നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ നടപടി: നിരവധിയാളുകളെ സൈനിക വിമാനത്തിൽ കയറ്റിവിട്ടു; 538 പേർ അറസ്റ്റിൽ

SHARE THIS ON

വാഷിങ്ടൻ: ഡോണള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്കു പിന്നാലെ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കെതിരെ യുഎസിൽ നടപടി ആരംഭിച്ചു. 538 നിയമവിരുദ്ധ കുടിയേറ്റക്കാരെ ഇതുവരെ അറസ്റ്റ് ചെയ്തതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ‘‘ട്രംപ് ഭരണകൂടം 538 നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളെ അറസ്റ്റ് ചെയ്തു. ഇതില്‍ തീവ്രവാദികളെന്ന് സംശയിക്കപ്പെടുന്നയാളും ക്രിമിനല്‍ ഓര്‍ഗനൈസേഷനായ ട്രെന്‍ ഡി അരഗ്വ ഗ്യാങിലെ 4 അംഗങ്ങളും പ്രായപൂര്‍ത്തിയല്ലാത്തവര്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ നടത്തിയവരും ഉള്‍പ്പെടുന്നു’’ –  വൈറ്റ് ഹൗസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

നിരവധി അനധികൃത കുടിയേറ്റക്കാരെ സൈനിക വിമാനം വഴി കയറ്റി വിട്ടു. ട്രംപ് വാഗ്ദാനം ചെയ്ത ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍ പുരോഗമിക്കുകയാണെന്നും വാഗ്ദാനങ്ങള്‍ നടപ്പിലാക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. അറസ്റ്റ് ഭീഷണിയുള്ളതിനാല്‍ കലിഫോര്‍ണിയ, ഷിക്കാഗോ തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടിയേറ്റക്കാരില്‍ പലരും കഴിഞ്ഞ ദിവസങ്ങളില്‍ ജോലിക്കെത്തിയില്ല. അമേരിക്കയില്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗവും അനധികൃത കുടിയേറ്റക്കാരാണ്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനു മുന്നോടിയായി മെക്സിക്കോ ആവശ്യമായ മുന്നൊരുക്കങ്ങൾ ആരംഭിച്ചു. കൂട്ട അഭയാർഥി പ്രവാഹമുണ്ടാകുന്നത് കണക്കിലെടുത്ത് മെക്സിക്കോയുടെ അതിർത്തി സംസ്ഥാനങ്ങളിൽ കൂടുതൽ അഭയാർഥി കൂടാരങ്ങൾ പണിതു തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!