KSDLIVENEWS

Real news for everyone

സ്വാശ്രയ മെഡിക്കല്‍ ഫീസ്: സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും

SHARE THIS ON

ന്യൂഡൽഹി: സ്വാശ്രയ മെഡിക്കൽ ഫീസ് കുത്തനെ വർധിപ്പിക്കാൻ വഴിയൊരുക്കുന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാരും വിദ്യാർത്ഥികളും നൽകിയ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി പ്രസ്താവിക്കും. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ഫീസ് പുനഃനിർണ്ണയിക്കാൻ ഫീസ് നിർണ്ണയ സമിതിയോട് നിർദേശിച്ചേക്കുമെന്ന് വാദത്തിനിടയിൽ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

ഫീസ് നിർണ്ണയ സമിതിയോട് സഹകരിക്കാൻ മെഡിക്കൽ കോളേജ് മാനേജ്മെന്റുകളോട് നിർദേശിക്കണമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടത്. ഓരോ മെഡിക്കൽ കോഴ്സിനും ചെലവാകുന്ന തുകയുടെ അടിസ്ഥാനത്തിലാകണം ഫീസ് നിശ്ചയിക്കേണ്ടത്. മെഡിക്കൽ കോളേജുകളിലെ വിദ്യാഭ്യാസ ഇതര ചെലവുകൾ ഫീസ് നിശ്ചയിക്കുമ്പോൾ കണക്കിലെടുക്കാൻ കഴിയില്ലെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഫീസ് നിർണ്ണയ സമിതിയുടെ കൈകൾ സുപ്രീം കോടതി ബന്ധിക്കരുതെന്ന് വിദ്യാർത്ഥികൾകളുടെ അഭിഭാഷകരും കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോളേജുകൾ നൽകുന്ന ശുപാർശ പരിശോധിക്കാൻ മാത്രമേ ഫീസ് നിർണ്ണയ സമിതിക്ക് അധികാരം ഉള്ളുവെന്ന് മാനേജ്മെന്റുകളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടിയിരുന്നു. ഫീസ് കണക്കാക്കുന്നതിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ ആവശ്യത്തിന് സമയം സമിതി നൽകുന്നില്ലെന്നും മാനേജ്മെന്റുകളുടെ അഭിഭാഷകർ ആരോപിച്ചിരുന്നു.

സമിതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി പതിനൊന്ന് ലക്ഷം രൂപ വിദ്യാത്ഥികളിൽ നിന്ന് ഈടാക്കാൻ 2017 ൽ സുപ്രീം കോടതി അനുവദിച്ചിരുന്നു. 2016 ൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ഫീസ് സംബന്ധിച്ച വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ഫീസ് പുനഃനിർണ്ണയിക്കാൻ ഉത്തരവിട്ടാൽ താത്കാലിക സംവിധാനമെന്ന നിലയിൽ വാർഷിക ഫീസായി 11 ലക്ഷം രൂപ ഈടാക്കാൻ അനുവദിക്കണമെന്നും മാനേജ്മെന്റുകൾ കോടതിയോട് ആവശ്യപെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും സുപ്രീം കോടതി തങ്ങളുടെ വിധിയിൽ വ്യക്തത വരുത്തും.

2017 മുതൽ കേരളത്തിലെ സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ 12000 ത്തോളം വിദ്യാർത്ഥികളെ സുപ്രീംകോടതി വിധി ബാധിക്കും. 2016 ൽ രണ്ട് കോളേജുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കും വിധി ബാധകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!