വിമാന ടിക്കറ്റുകൾക്ക് 40% വരെ ഇളവ്; റമദാൻ മെഗാ സെയിലുമായി എയർ അറേബ്യ, അറിയേണ്ടതെല്ലാം

ഷാർജ: റമദാൻ മാസത്തിലും വരാനിരിക്കുന്ന വേനൽക്കാല അവധിയിലും യാത്ര പ്ലാൻ ചെയ്യുന്നവർക്ക് വൻ ഓഫറുമായി ഷാർജയുടെ ബജറ്റ് എയർലൈനായ എയർ അറേബ്യ. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റുകൾക്ക് 40 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ‘റമദാൻ പ്രമോഷൻ’ സെയിലാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
യാത്രക്കാർക്ക് 2026 ഫെബ്രുവരി 25 വരെ ഈ ഓഫറിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 2026 മാർച്ച് 25 മുതൽ ജൂൺ 15 വരെയുള്ള യാത്രകൾക്കാണ് ഈ ഇളവ് ബാധകമാകുക. എയർ അറേബ്യയുടെ വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ ബുക്ക് ചെയ്യുമ്പോൾ ‘RAMADAN’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ചാൽ കിഴിവ് ലഭിക്കും.
ഓഫറുകൾ ഇങ്ങനെ:
ബേസിക് നിരക്കുകൾ: 20% കിഴിവ്
വാല്യു നിരക്കുകൾ: 30% കിഴിവ്
അൾട്ടിമേറ്റ് നിരക്കുകൾ: 40% കിഴിവ്
പ്രധാന ലക്ഷ്യസ്ഥാനങ്ങൾ
മിഡിൽ ഈസ്റ്റ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലെ നിരവധി രാജ്യങ്ങളിലേക്ക് ഈ ഓഫർ ലഭ്യമാണ്.
മിഡിൽ ഈസ്റ്റ്: കുവൈത്ത്, ബഹ്‌റൈൻ, ഖത്തർ, ലെബനൻ, സിറിയ, ഇറാൻ, ഒമാൻ, ഈജിപ്ത്.
യൂറോപ്പ്: ഗ്രീസ്, ഇറ്റലി, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ജർമ്മനി.
മറ്റുള്ളവ: റഷ്യ, അർമേനിയ, തുർക്കി, മാലിദ്വീപ്, തായ്‌ലൻഡ്.
ഓരോ റൂട്ടിനും നിരക്കിനും അനുസരിച്ച് പരമാവധി ലഭിക്കുന്ന കിഴിവിന് പരിധിയുണ്ടായിരിക്കും. യൂറോപ്പ്, റഷ്യ, തുർക്കി, തായ്‌ലൻഡ് എന്നിവിടങ്ങളിലേക്കുള്ള പരമാവധി കിഴിവ് 150 ദിർഹമാണ്.
സഊദി, കുവൈത്ത്, ഖത്തർ, പാകിസ്ഥാൻ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർക്ക് ഈ ഓഫറിലൂടെ ടിക്കറ്റ് നിരക്കിൽ പരമാവധി 100 ദിർഹം വരെ കിഴിവ് ലഭിക്കും.
കഴിഞ്ഞ വർഷം 1.8 ബില്യൺ ദിർഹത്തിന്റെ മികച്ച സാമ്പത്തിക നേട്ടം കൈവരിച്ചതിന് പിന്നാലെയാണ് എയർ അറേബ്യ ഉപഭോക്താക്കൾക്കായി ആകർഷകമായ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാനോ വിനോദയാത്ര നടത്താനോ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

