തിരഞ്ഞെടുപ്പ്: ചായ മുതൽ ചിക്കൻ ബിരിയാണി വരെ; സ്വാദൂറും ഭക്ഷണം ഒരുക്കുക കുടുംബശ്രീ

ഭക്ഷണവും ശുചിത്വവും കുടുംബശ്രീയുടെ ചുമതല
കാസർകോട് ∙ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കു സ്വാദൂറും ഭക്ഷണം ഒരുക്കുക കുടുംബശ്രീ. ചായ മുതൽ ചിക്കൻ ബിരിയാണി വരെ മെനുവിലുണ്ട്.പോളിങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ ഇഡലി, ദോശ, സാമ്പാർ, കടലക്കറി, ചായ, ജ്യൂസ്, ലഘു ഭക്ഷണം, വെജ് ബിരിയാണി, ചിക്കൻ ബിരിയാണി, രാത്രി ഭക്ഷണം എന്നിവ ഒരുക്കും. പോളിങ് ബൂത്തുകളിൽ ഇഡലി, സാമ്പാർ, ചായ, കാപ്പി, ലഘു ഭക്ഷണം, വെജ് ബിരിയാണി അല്ലെങ്കിൽ ചോറ്, 2 തരം കറികൾ, അച്ചാർ, വറവ് എന്നിവയായിരിക്കും ഒരുക്കുക. കലക്‌ഷൻ കേന്ദ്രത്തിൽ ചായ, ലഘു ഭക്ഷണം, വെജ്/ചിക്കൻ ബിരിയാണികൾ, ജ്യൂസ്, ചപ്പാത്തി – വെജ് കറി എന്നിവ നൽകും. ഭക്ഷണം ഒരുക്കുന്നതിനു പുറമെ പോളിങ് ബൂത്തുകളുടെ ശുചീകരണ ചുമതലയും കുടുംബശ്രീക്കാണ്.
പോസ്റ്റൽ വോട്ടിങ് 28 മുതൽ 30 വരെ
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സർവീസിൽ ഉൾപ്പെട്ട ആബ്‌സന്റീസ് വോട്ടർമാർക്ക് 28 മുതൽ 30 വരെ നിയോജകമണ്ഡലാടിസ്ഥാനത്തിൽ ക്രമീകരിച്ച പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ട് ചെയ്യാം. രാവിലെ 9 മുതൽ 5 വരെ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസർമാരുടെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. ആബസന്റീസ് വോട്ടർമാർ അവരുടെ സർവീസ് ഐഡി കാർഡ് സഹിതം വേണം വോട്ട് ചെയ്യാൻ എത്താൻ. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിനു സ്ഥാനാർഥികൾക്ക് ഏജന്റുമാരെ നിയോഗിക്കാം.
പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങൾ
∙ മഞ്ചേശ്വരം – ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം (ഗ്രൗണ്ട് ഫ്ലോർ റൂം നമ്പർ 7)
∙ കാസർകോട് – ആർഡിഒ ഓഫിസ്, പോർട്ട് ഓഫിസ് ബിൽഡിങ്, കാസർകോട്.
∙ ഉദുമ – ഉദുമ ഗവ. എൽപി സ്‌കൂൾ
∙ കാഞ്ഞങ്ങാട് – ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം
∙ തൃക്കരിപ്പൂർ – നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം