ശതകോടിശ്വരൻമാരുടെ ആശ്രിതവത്സലരായി മോദിസർക്കാർ മാറി: യെച്ചൂരി

നീലേശ്വരം ∙ അനധികൃത പണം, സിബിഐ, എൻഫോഴ്സ്മെന്റ് എന്നിവ ദുരുപയോഗം ചെയ്ത് 3 മുനകളുള്ള ത്രിശൂലം കൊണ്ട് ജനാധിപത്യത്തെ വരുതിയിൽ നിർത്താനാണ് ബിജെപി ശ്രമമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കായി സംസ്ഥാനത്ത് പങ്കെടുക്കുന്ന ആദ്യ പൊതുയോഗം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ശതകോടിശ്വരൻമാരുടെ ആശ്രിതവത്സലരായി മോദിസർക്കാർ മാറി. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ തോറ്റാലും സർക്കാരുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നു. പ്രതിപക്ഷവും സംസ്ഥാന സർക്കാരുകളും പോലും വേണ്ടെന്നാണ് ഇവരുടെ മനസ്സിലിരിപ്പ്.രാജ്യത്തിന്റെ വൈവിധ്യവും ബഹുസ്വരതയും നിലനിർത്താനാണ് ഇടതുപക്ഷത്തിന്റെ പോരാട്ടം. കോൺഗ്രസ് സർക്കാരിന്റെ നയങ്ങൾ തന്നെയാണ് ബിജെപിയും തുടരുന്നത്. കോൺഗ്രസിനും ബിജെപിക്കും ഒരേ നയമാണ്. ഇടതുപക്ഷമാണ് ബദൽ.–സീതാറാം യച്ചൂരി പറഞ്ഞു.
ടി.സി.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കരുണാകരൻ, സംസ്ഥാന സമിതി അംഗം കെ.പി.സതീശ് ചന്ദ്രൻ, ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ, തൃക്കരിപ്പൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.രാജഗോപാലൻ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നീലേശ്വരം നഗരസഭാ അധ്യക്ഷ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, എൽഡിഎഫ് നേതാക്കളായ ബങ്കളം കുഞ്ഞിക്കൃഷ്ണൻ, ടി.വി.ഗോവിന്ദൻ, പി.ജനാർദ്ദനൻ, ഷംസു അരിഞ്ചിറ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, സുരേഷ് പുതിയേടത്ത്, പി.ടി.നന്ദകുമാർ, കെ.വി.ദാമോദരൻ, എം.രാജൻ, സാബു അബ്രഹാം എന്നിവർ പ്രസംഗിച്ചു.

