ബംഗാളില്‍ വീണ്ടും മമത; ബി.ജെ.പി 120 സീറ്റ് വരെ നേടും- മാതൃഭൂമി സിവോട്ടര്‍ സര്‍വേ

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തുമെന്ന് മാതൃഭൂമി സിവോട്ടർ സർവേ ഫലം. മമത ബാനർജി വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്നും ബി.ജെ.പി 120 സീറ്റ് വരെ നേടി വൻ പ്രകടനം കാഴ്ചവെയ്ക്കുമെന്നും സർവേയിൽ പറയുന്നു.
തൃണമുൽ കോൺഗ്രസ് 162 മുതൽ 168 സീറ്റുകൾ നേടി അധികാരത്തിലെത്തും. ബി.ജെ.പി 104 മുതൽ 120 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് ഇടത് സഖ്യം 18 മുതൽ 26 സീറ്റുകളിൽ ഒതുങ്ങുമെന്നും സർവേ പ്രവചിക്കുന്നു.
17890 പേരാണ് സർവേയുടെ ഭാഗമായത്. മമത സർക്കാരിന്റെ ഭരണം മികച്ചതാണ് എന്ന് 48.4 ശതമാനവും ശരാശരി എന്ന് 20.8 ശതമാനവും മോശം എന്ന് 30.8 ശതമാനവും ആളുകൾ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി എന്ന നിലയിൽ മമതയുടെ പ്രകടനം മികച്ചത് എന്ന് 58.7 ശതമാനവും ശരാശരി എന്ന് 15.1 ശതമാനവും മോശം 26.2 ശതമാനവും അഭിപ്രായപ്പെട്ടു.
പുതിയ മുഖ്യമന്ത്രി ആര് എന്ന ചോദ്യത്തിന് 54.9 ശതമാനം പേരുടെ പിന്തുണയുമായി മമത ബാനർജി മുൻപിലെത്തി. ബി.ജെ.പി അധ്യക്ഷൻ ദിലിപ് ഘോഷ് 32.3 ശതമാനവും മുകുൾ റോയി 6.5 ശതമാനവും ആധിർ രഞ്ജൻ ചൗദരി (കോൺഗ്രസ്) 1.2 ശതമാനവും സുചോൻ ചക്രവർത്തി (സി.പി.എം) 1.3 ശതമാനവും പിന്തുണ നേടി.

