ഇന്ത്യ ആക്രമിക്കുമെന്ന് വിവരമുണ്ട്, വലിയ വില നൽകേണ്ടി വരും; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

ഇസ്ലാമാബാദ്: പാകിസ്താനില്‍ ആക്രമണം നടത്തിയാല്‍ ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇന്ത്യ വിവിധ നഗരങ്ങളില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി വിവരം ലഭിച്ചുവെന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. അങ്ങനെ ചെയ്താല്‍ തങ്ങള്‍ അവരോട് തിരിച്ചു വില ഈടാക്കുമെന്നും ആസിഫ് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ആരോപണമുനയില്‍ നില്‍ക്കേ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ഭീരരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനെതിരെ കൂടുതല്‍ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് ഇന്ത്യ. ഇന്ത്യയിലുള്ള എല്ലാ പാക് പൗരന്മാരും ഏപ്രില്‍ 27-നുള്ളില്‍ നാടുവിടണമെന്ന് ഇന്ത്യ നിര്‍ദേശം നല്‍കി. പാക് പൗരന്മാര്‍ക്ക് ഇന്ത്യയിലെത്തുന്നതിന് നല്‍കിയിരുന്ന എല്ലാതരത്തിലുമുള്ള വിസകളും റദ്ദാക്കി. ചികിത്സയ്ക്കായി ഇന്ത്യയിലെത്തിയ പാകിസ്താനികള്‍ക്ക് നല്‍കിയ മെഡിക്കല്‍ വിസകളുള്‍പ്പെടെ റദ്ദാക്കുകയും മെഡിക്കല്‍ വിസയിലെത്തിയവര്‍ ഏപ്രില്‍ 29-നകം രാജ്യം വിടണമെന്നും നിര്‍ദേശം നല്‍കി. പാകിസ്താനിലുള്ള ഇന്ത്യക്കാരോട് എത്രയും വേഗം തിരികെ എത്താനും വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാകിസ്താനിലേക്കുള്ള ഇന്ത്യയ്ക്കാരുടെ യാത്രയും ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനമാണ് പാകിസ്താന് കടുത്ത തിരിച്ചടിയായിരിക്കുന്നത്. ഈ നീക്കം പാകിസ്താനില്‍ വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയിരിക്കുകയാണ്. 1960 സെപ്റ്റംബര്‍ 19-നാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ സിന്ധു നദീജല കരാര്‍ ഒപ്പുവെയ്ക്കുന്നത്. വിഭജനത്തിന് ശേഷം ഇരു രാജ്യങ്ങളിലൂടെയും ഒഴുകുന്ന സിന്ധു നദി ആര് നിയന്ത്രിക്കുമെന്നും ആര്‍ക്കാണ് കൂടുതല്‍ ജലം ലഭിക്കുന്നതെന്നും ഉള്‍പ്പടെയുള്ള തര്‍ക്കങ്ങളാണ് ഇതിന് കാരണമായത്. മൊത്തം ജലത്തിന്റെ ഭൂരിഭാഗവും പാകിസ്താനാണ് ഉപയോഗിക്കുന്നത്. പാകിസ്താനിലെ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ കൃഷി ഈ ജലത്തെ ആശ്രയിച്ചാണ് പൂര്‍ണമായും സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കരാര്‍ റദ്ദാക്കുന്നത് പാകിസ്താനെ ഗുരുതരമായി ബാധിക്കും.
ഇന്ത്യയും പാകിസ്താനും തമ്മില്‍ നിലവിലുള്ള സമാധാനക്കരാറായ ഷിംല കരാര്‍ മരവിപ്പിക്കുമെന്ന് പാകിസ്താന്‍ പറയുന്നത്. അടിയന്തരമായി വാഗാ അതിര്‍ത്തി അടയ്ക്കുമെന്നും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പാകിസ്താന്റെ വ്യോമാതിര്‍ത്തിയില്‍ അനുമതി നിഷേധിക്കുമെന്നും പാകിസ്താന്‍ വ്യക്തമാക്കി.

