ജി.സി.സി റെയില്‍പദ്ധതി; സാധ്യത, ട്രാഫിക് പഠനം പൂര്‍ത്തിയായി

ദുബൈ: ഗള്‍ഫ് രാജ്യങ്ങളിലെ ഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്ന ജി.സി.സി റെയില്‍വെ പദ്ധതിയുടെ സാധ്യത, ട്രാഫിക് പഠനങ്ങള്‍ പൂര്‍ത്തിയായതായി വെളിപ്പെടുത്തല്‍.
അബൂദബിയില്‍ നടന്ന മിഡിലീസ്റ്റ് റെയില്‍ എക്സിബിഷനില്‍ പങ്കെടുത്ത ജി.സി.സി റെയില്‍വേ വിദഗ്ധനായ നാസര്‍ അല്‍ കഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറു രാജ്യങ്ങളിലൂടെ കടന്നുപോവുന്ന 2117 കി.മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന റെയില്‍പാത പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന രീതിയിലാണ് വിഭാവന ചെയ്തിട്ടുള്ളത്.
ജി.സി.സി റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് രൂപപ്പെടുത്തിയ അതോറിറ്റി എല്ലാ രാജ്യങ്ങളിലും നടക്കുന്ന റെയില്‍ പദ്ധതികള്‍ നിരീക്ഷിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് നാസര്‍ അല്‍ കഹ്താനി പറഞ്ഞു. റെയില്‍ വികസന രംഗത്ത് യു.എ.ഇയും സൗദിയുമാണ് ഏറ്റവും സജീവമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2009ലാണ് കുവൈത്തില്‍നിന്ന് ആരംഭിച്ച് സൗദി അറേബ്യ, ബഹ്റൈൻ, ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങളിലേക്ക് നീളുകയും ഒടുവില്‍ ഒമാനിലെ സുഹാര്‍ തുറമുഖത്ത് അവസാനിക്കുകയും ചെയ്യുന്ന രീതിയില്‍ ജി.സി.സി പാത നിര്‍ദേശിക്കപ്പെട്ടത്. നീണ്ട പത്തുവര്‍ഷത്തെ പഠനത്തിന് ശേഷം 2021 ഡിസംബറില്‍ ജി.സി.സി റെയില്‍ അതോറിറ്റി രൂപവത്കരിക്കുകയും ചെയ്തു. ജി.സി.സി റെയില്‍ പദ്ധതിയില്‍ ഓരോ രാജ്യങ്ങളും സ്വന്തം ഭാഗം പൂര്‍ത്തിയാക്കുകയും പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യാനാണ് ആലോചിക്കുന്നത്.
പൂര്‍ത്തിയായാല്‍ ജനങ്ങള്‍ക്ക് ഏറെ സൗകര്യപ്രദവും വികസന രംഗത്ത് വലിയ കുതിപ്പിന് വഴിവെക്കുന്നതുമാണ് പദ്ധതിയെന്ന് ഈ രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. റെയില്‍ കടന്നുപോകുന്ന തോട്ടങ്ങളുടെ ഉടമസ്ഥര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതും ഗള്‍ഫ് രാജ്യങ്ങളുടെ മുഖ്യവരുമാനമായ എണ്ണ വിലയിലുണ്ടായ ഇടിവ് അംഗ രാജ്യങ്ങളുടെ ബജറ്റിനെ പ്രതികൂലമായി ബാധിച്ചതും പദ്ധതിയെ തടസ്സപ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ എണ്ണ വിലയിലടക്കം തീര്‍ത്തും അനുകൂലമായ സാഹചര്യമാണെന്ന് വിലയിരുത്തപ്പെടുന്നു.

