KSDLIVENEWS

Real news for everyone

കേരളത്തിലെ റോഡുകൾ തകരുന്നത് തടയാൻ ‘സൗദി മോഡൽ’ വേണമെന്ന് പ്രവാസികൾ; വികസനം മുതൽ നിയമലംഘകർക്കുള്ള ശിക്ഷ വരെ, അറിയാം വിശദമായി

SHARE THIS ON

റിയാദ്: തലപ്പാറയിലെ രാജ്യാന്തര നിലവാരത്തിലുള്ള ദേശീയപാത പൊട്ടിപ്പൊളിഞ്ഞു തകർന്ന സംഭവം കേരളത്തിൽ മാത്രമല്ല, സൗദി അറേബ്യയിലെ പ്രവാസി മലയാളികൾക്കിടയിലും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. നാട്ടിലെ കാര്യങ്ങളിൽ സജീവമായി ഇടപെഴകുന്ന പ്രവാസികൾ, സൗദിയിലെ റോഡ് നിയമങ്ങൾ കേരളത്തിലും നടപ്പാക്കണമെന്ന അഭിപ്രായമാണ് പങ്കുവെക്കുന്നത്.

സൗദി അറേബ്യയിലെ റോഡ് നിർമാണ ചട്ടക്കൂടിൽ പുതിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി സൗദി റോഡ് കോഡ് വ്യവസ്ഥകളെക്കുറിച്ച് റോഡ്സ് അതോറിറ്റി ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൊതുജനാഭിപ്രായം തേടുകയാണ്. ഇതിനായി പുറത്തിറക്കിയ കരട് ചട്ടങ്ങളെക്കുറിച്ച് ‘ഇസ്തിത്‌ല’ പ്ലാറ്റ്‌ഫോം വഴി ജൂൺ 27 വരെ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രവാസി മലയാളികൾ, ഇത്തരം നിയമങ്ങൾ കേരളത്തിലും നടപ്പാക്കുകയാണെങ്കിൽ എത്ര നന്നായിരിക്കുമെന്ന ചിന്തകൾ പങ്കുവെക്കുന്നത്.

സൗദി റോഡ് കോഡിലെ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നവർക്കെതിരെ കടുത്ത ശിക്ഷകൾ ഏർപ്പെടുത്താനാണ് റോഡ്‌സ് ജനറൽ അതോറിറ്റിയുടെ തീരുമാനം. ഓരോ നിയമലംഘനത്തിനും ഒരു ദശലക്ഷം റിയാൽ വരെ പിഴ ചുമത്തും. കൂടാതെ, കുറ്റകൃത്യത്തിന്റെ കാഠിന്യം അനുസരിച്ച് ഒരു വർഷം വരെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയോ സ്ഥിരമായി റദ്ദാക്കുകയോ ചെയ്യും. ഈ മൂന്ന് ശിക്ഷകളിൽ രണ്ടെണ്ണം ഒരുമിപ്പിക്കാൻ അനുവാദമില്ല.

റോഡ് അതോറിറ്റി അന്തിമ അംഗീകാരം നൽകുന്നതിന് മുൻപ് പൊതുജനാഭിപ്രായത്തിനായി സമർപ്പിച്ച സൗദി റോഡ് കോഡിൽ, പിഴകൾ ലഘൂകരിക്കുന്നതും വഷളാക്കുന്നതുമായ സാഹചര്യങ്ങൾ, ലംഘനത്തിന്റെ തീവ്രത, പ്രവർത്തനത്തിന്റെ സ്വഭാവം, വിപണി സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് ക്രമേണ നടപ്പാക്കണമെന്ന് നിർദ്ദേശിക്കുന്നു. കോഡ് ലംഘനങ്ങൾക്കുള്ള ശിക്ഷാ നിയമങ്ങൾ റോഡ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് പുറത്തിറക്കും. 

18 വകുപ്പുകൾ ഉൾക്കൊള്ളുന്ന ഈ നിയമം, റോഡ് ശൃംഖലകളുടെ വികസനം ഉറപ്പാക്കുക, ഗുണമേന്മയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുക, റോഡ് അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കുക, കാര്യക്ഷമത വർധിപ്പിക്കുക എന്നിവ ലക്ഷ്യമിടുന്നു. റോഡുകൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കുമുള്ള ജനറൽ അതോറിറ്റിയുടെ അധികാരപരിധിയും കോഡ് നടപ്പാക്കുന്നതിനുള്ള വ്യവസ്ഥകളും ഇതിൽ വ്യക്തമാക്കുന്നു. ലൈസൻസിംഗ്, നിയമലംഘനങ്ങൾ, പിഴകൾ, മേൽനോട്ടം, പരിശോധന, നിയമങ്ങൾ പുറപ്പെടുവിക്കൽ, സിസ്റ്റം നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ നിയമത്തിൽ ഉൾപ്പെടുന്നു.

നിർമാണത്തിലെ നിയമലംഘനം ഗുരുതരമാണെങ്കിൽ, ബന്ധപ്പെട്ട അധികാരികൾ അഞ്ചു ദിവസത്തിനകം ലംഘകനെ അറിയിക്കും. നിയമങ്ങൾക്കനുസൃതമായി ലംഘനം നീക്കം ചെയ്യുകയോ തിരുത്തുകയോ ചെയ്യുന്നതുവരെ റോഡിലെ പ്രവൃത്തി നിർത്തിവയ്ക്കും. തുടർന്ന്, ലംഘനത്തെക്കുറിച്ച് ലംഘന അവലോകന സമിതിക്ക് റഫർ ചെയ്യും. സമിതിയുടെ തീരുമാനത്തിനെതിരെ 60 ദിവസത്തിനകം അഡ്മിനിസ്ട്രേറ്റീവ് കോടതിയിൽ അപ്പീൽ നൽകാം.

റോഡ് കോഡിന്റെ വ്യാപ്തി റോഡ് ആസൂത്രണം, രൂപകൽപന, നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടെ എല്ലാ റോഡ് പ്രവൃത്തികൾക്കും ബാധകമാണ്. നിലവിലുള്ള റോഡുകൾ പുനർനിർമിക്കുമ്പോഴോ, പരിപാലിക്കുമ്പോഴോ, നവീകരിക്കുമ്പോഴോ, വികസിപ്പിക്കുമ്പോഴോ പുനരുദ്ധാരണം ചെയ്യുമ്പോഴോ ഈ നിയമം ബാധകമാകും. ഈ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം ഇതിൽ പറയുന്നതൊഴികെയുള്ള മറ്റ് ആവശ്യകതകളോ നിയന്ത്രണങ്ങളോ മാനദണ്ഡങ്ങളോ ഉപയോഗിക്കാൻ പാടില്ല.

ഇത്തരം പ്രവർത്തികൾക്കുള്ള അനുമതി ലഭിക്കുന്നതിന് റോഡ് കോഡ് പാലിക്കേണ്ടത് നിർബന്ധമാണ്. ലൈസൻസുകളും പെർമിറ്റുകളും നേടുന്നതിന് ഈ നിയമം അനുസരിക്കുന്നത് ഒരു പ്രധാന ഉപാധിയായിരിക്കും. റോഡ് പ്രവൃത്തികൾ നടപ്പാക്കുമ്പോൾ ബന്ധപ്പെട്ട അധികാരികളും ലൈസൻസികളും ഈ കോഡ് പാലിക്കണം. ആസൂത്രണം, രൂപകൽപന, മേൽനോട്ടം, നിർമാണം, പ്രവർത്തനം, അറ്റകുറ്റപ്പണികൾ എന്നിവ നടപ്പാക്കുമ്പോൾ ലൈസൻസുള്ള വിദഗ്ധരുമായി കരാറുകൾ ഉണ്ടാക്കണം എന്നും കരട് നിർദ്ദേശത്തിൽ പറയുന്നു. റോഡ് നിർമാണത്തിൽ നിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും, റോഡ് തകർന്നാൽ കരാറുകാരനും മേൽനോട്ടക്കാരനും ശിക്ഷ ലഭിക്കുമെന്നും വ്യവസ്ഥയുണ്ട്.

ഈ സംവിധാനത്തിൽ, ഒരു നിശ്ചിത കാലയളവിനുള്ളിൽ നിർമിച്ച റോഡിന്റെ പൂർണ്ണമായോ ഭാഗികമായോ പൊളിച്ചുമാറ്റലിനോ തകർച്ചക്കോ, റോഡിന്റെ ബലത്തിനും സുരക്ഷക്കും ഉപയോക്താക്കളുടെ സുരക്ഷക്കും ഭീഷണിയാകുന്ന ഏതൊരു കേടുപാടിനും ബന്ധപ്പെട്ട കക്ഷികൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് സൂപ്പർവൈസറും കരാറുകാരനും ഒരുപോലെ ഉത്തരവാദികളായിരിക്കും. ഇതിനായുള്ള വ്യവസ്ഥകൾ ചട്ടങ്ങളിൽ വ്യക്തമാക്കണം എന്നും കരട് നിർദ്ദേശങ്ങളിൽ പറയുന്നു.

ഈ നിയമം പുറത്തിറങ്ങി 180 ദിവസത്തിനകം റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഇതിനായുള്ള നിയന്ത്രണങ്ങൾ തയ്യാറാക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ഒരു വർഷത്തിനു ശേഷം ഈ സംവിധാനം നടപ്പാക്കും. സൗദി അറേബ്യയിലെ റോഡ് അധികാരികൾക്ക് ഒരു സാങ്കേതിക റഫറൻസായി ഉപയോഗിക്കാൻ കഴിയുന്ന രാജ്യത്തെ ആദ്യത്തെ സൗദി റോഡ് കോഡ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ-ജാസർ ഒരു വർഷം മുൻപ് പുറത്തിറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!