KSDLIVENEWS

Real news for everyone

ഡെല്‍റ്റ വകഭേദം 85 രാജ്യങ്ങളില്‍ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന; WHO

SHARE THIS ON

ജനീവ: അതിതീവ്ര വ്യാപനശേഷിയുളള കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ലോകത്തെ 85 രാജ്യങ്ങളിൽ കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ഇതിൽ 11 രാജ്യങ്ങളിൽ വകഭേദം സ്ഥിരീകരിച്ചത് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുളളിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് സ്ഥിരീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

വൈറസിന്റെ ആൽഫാ വകഭേദം ലോകത്തെ 170 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ഗാമ വകഭേദം 71 രാജ്യങ്ങളിലും ഡെൽറ്റ 85 രാജ്യങ്ങളിലും സ്ഥിരീകരിച്ചു. ആൽഫയേക്കാൾ വ്യാപനശേഷി വർധിച്ച വൈറസ് വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കിൽ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെൽറ്റ മാറാൻ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നീ വകഭേദങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ജൂൺ 22-ന് പുറത്തിറക്കിയ കോവിഡ് 19 വീക്ക്ലി എപ്പിഡെമിയോളജിക്കൽ അപ്ഡേറ്റിൽ പറയുന്നു. ഡെൽറ്റ വകഭേദം ബാധിക്കുന്നവർക്ക് മറ്റു കോവിഡ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ ആവശ്യം വരുന്നുണ്ടെന്നും, ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതായും മരണം കൂടുതലാണെന്നും സിങ്കപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നുണ്ട്. ജപ്പാനിൽ നടത്തിയ പഠനത്തിലും ആൽഫാ വകഭേദത്തേക്കാൾ ഡെൽറ്റാവകഭേദം വേഗത്തിൽ വ്യാപിക്കുന്നതായി പറയുന്നുണ്ട്.

ഈ അപ്ഡേറ്റ് പ്രകാരം കഴിഞ്ഞ ആഴ്ച ഏറ്റവും കൂടുതൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്ത്യയിലാണ്. 4,44,976 പുതിയ കേസുകളാണ് കഴിഞ്ഞ ആഴ്ചമാത്രം റിപ്പോർട്ട് ചെയ്തത്. എന്നാൽ തൊട്ടുമുന്നത്തെ ആഴ്ചയിലെ കേസുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ആഴ്ച കേസുകളുടെ എണ്ണത്തിൽ 30 ശതമാനം കുറവ് രേഖപ്പെടുത്തിയിട്ടുളളത്.

അതേ സമയം ഇന്ത്യയിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച കോവിഡ് രോഗി മരിച്ചതായുളള റിപ്പോർട്ട് സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജെയിനിലാണ് സംഭവം. മധ്യപ്രദേശിൽ അഞ്ചുപേർക്കാണ് ഡെൽറ്റ് പ്ലസ് വകഭേദം സ്ഥിരീകരിച്ചിരുന്നത്. ഭോപ്പാലിൽ നിന്നുള്ള മൂന്നുപേർക്കും ഉജ്ജെയിനിൽ നിന്നുളള രണ്ടുപേർക്കുമായിരുന്നു വൈറസ് ബാധ. ഇവരിൽ നാലുപേർക്ക് രോഗം ഭേദമായി. ഒരാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.

എന്താണ് ഡെൽറ്റ പ്ലസ് ?

അതിവേഗ വ്യാപനശേഷിയുണ്ടെന്ന് കരുതുന്ന ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച 30 കേസുകളാണ് രാജ്യത്ത് ബുധനാഴ്ച സ്ഥിരീകരിച്ചത്. വ്യാപനശേഷി കൂടുതലായതിനാൽ തന്നെ കേന്ദ്രമന്ത്രാലയം സംസ്ഥാനങ്ങളോട് പരിശോധനാനിരക്ക് വർധിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡെൽറ്റ പ്ലസ് വകഭേദമായ ബി.1.617.2.1 ഡെൽറ്റ വകഭേദത്തോട് വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന വകഭേദമാണ് ഡെൽറ്റ പ്ലസ്. ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തിന് കാരണമായത് ഡെൽറ്റ വകഭേദമായിരുന്നു.

ഡെൽറ്റ വകഭേദത്തെ പോലെ ഡെൽറ്റ പ്ലസ് വകഭേദത്തിനും ആർഎൻഎ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഭാഗത്താണ് വ്യതിയാനം ഉണ്ടായിട്ടുളളത്. അതാണ് ഡെൽറ്റ പ്ലസിനെ കൂടുതൽ വ്യാപനശേഷിയുളളതായി മാറ്റുന്നത്.

യൂറോപ്പിൽ ഈ വർഷം മാർച്ചിലാണ് ഡെൽറ്റ പ്ലസ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്യുന്നത്.

പേരു വന്ന വഴി

ഗ്രീക്ക് അക്ഷരമാലയുടെ ക്രമത്തിലാണ് കോവിഡ് വൈറസ് വകഭേദത്തെ ലോകാരോഗ്യ സംഘടന ഇപ്പോൾ രേഖപ്പെടുത്തുന്നത്. ആൽഫയിൽ തുടങ്ങി ഒമേഗയിൽ അവസാനിക്കുന്ന 24 അക്ഷരങ്ങളാണ് ഗ്രീക്ക് അക്ഷരമാലയിൽ ഉള്ളത്. ആൽഫ, ബീറ്റ, ഗാമ എന്നിവ കഴിഞ്ഞാൽ ഡെൽറ്റ എന്ന അക്ഷരത്തിന് നാലാം സ്ഥാനമാണുള്ളത്.

നേരത്തേ ഗവേഷകരും മാധ്യമങ്ങളും പുതിയ വകഭേദം ഉണ്ടാവുമ്പോൾ അത് പൊട്ടിപ്പുറപ്പെട്ട രാജ്യത്തിന്റെ പേരാണ് ഈ വൈറസ് വകഭേദത്തിനു നൽകിയിരുന്നത്. പിന്നീട് വിവിധ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് പുതുതായി ഉണ്ടാവുന്ന വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ക്രമത്തിൽ പേരു നൽകാൻ ലോകാരോഗ്യ സംഘടന തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!