KSDLIVENEWS

Real news for everyone

പുറത്താക്കൽ; ഉണ്ണിത്താനെതിരെ കോൺഗ്രസ് ഓഫിസിൽ പോസ്റ്റർ

SHARE THIS ON

പെരിയ: ഇരട്ടക്കൊലപാതക കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്നു പുറത്താക്കിയതിനു പിന്നാലെ പെരിയയിലെ കോൺഗ്രസ് ഓഫിസിൽ രാജ്മോഹൻ ഉണ്ണിത്താനും ഡിസിസി ഭാരവാഹികൾക്കുമെതിരെ പോസ്റ്റർ. ഉദ്ഘാടനത്തിനൊരുങ്ങിയ, നവീകരിച്ച പെരിയ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ‘ഇന്ദിരാഭവന്റെ’ ചുമരിലാണ് ശനിയാഴ്ച രാത്രി പോസ്റ്ററുകൾ പതിച്ചത്. 

കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, ഉദുമ ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ് സി.രാജൻ പെരിയ, പുല്ലൂർ പെരിയ മണ്ഡലം മുൻ പ്രസിഡന്റുമാരായ ടി.രാമകൃഷ്ണൻ, പ്രമോദ് പെരിയ എന്നിവരെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.  ഇതിനു പിന്നാലെ ഉണ്ണിത്താനെതിരെ പ്രതികരണവുമായി 4 നേതാക്കളും രംഗത്തെത്തി. പുറത്താക്കപ്പെട്ടവർക്ക് പിന്തുണയുമായി ഇരുപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ രാത്രി പെരിയയിൽ പ്രകടനവും നടത്തി. 

പുറത്താക്കപ്പെട്ടവർ ഇന്ന് വൈകിട്ട് പെരിയയിൽ തങ്ങളെ അനുകൂലിക്കുന്ന പ്രവർത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്.  പുറത്താക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുന്നതിന് ഒപ്പു ശേഖരണമാണ് യോഗത്തിന്റെ ലക്ഷ്യമെന്നാണ് നേതാക്കൾ പ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്. പുറത്താക്കപ്പെട്ടവർ ഉന്നയിച്ച ആരോപണങ്ങൾക്ക് രാജ്മോഹൻ ഉണ്ണിത്താൻ എംപി മറുപടി നൽകിയിട്ടില്ല. 

സത്യപ്രതിജ്ഞയ്ക്കായി ഡൽഹിയിലാണ് അദ്ദേഹം.  അച്ചടക്ക നടപടിക്കു വിധേയരായവരെ അനുകൂലിച്ച് നടത്തിയ പ്രകടനത്തിലും യോഗത്തിലും പങ്കെടുക്കുന്ന കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ഡിസിസി നേതൃത്വത്തിനു മുൻപിലുണ്ട്.

error: Content is protected !!