വൈറലാകാന്‍ ഷോ; വാഹനം കടലില്‍ കുടുങ്ങി, പണിപാളിയതോടെ വാഹനം ഉപേക്ഷിച്ച് ഉടമകള്‍ മുങ്ങി, കേസ് | Video

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതിനായി എന്ത് കാട്ടിക്കൂട്ടലുകളും നടത്തുന്നത് ഇപ്പോള്‍ ഒരു ട്രെന്റാണ്. വാഹനം ഉപയോഗിച്ചുള്ള അഭ്യാസങ്ങള്‍ ഇതില്‍ ഒന്നുമാത്രമാണ്. അതിവേഗത്തിലും അപകടകരവുമായി ഡ്രൈവിങ്ങുകള്‍ റീലുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം റീലിനായി വാഹനവുമായി കടലില്‍ ഇറങ്ങി കുടുങ്ങിയ യുവാക്കളാണ് ഇപ്പോള്‍ പുലവാല് പിടിച്ചിരിക്കുന്നത്.
സംഭവം ഗുജറാത്തിലാണ്. റീല്‍ വീഡിയോ ഉണ്ടാക്കുന്നതിനായി മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍ കടലിലൂടെ ഓടിച്ചവരാണ് വെള്ളത്തില്‍ കുടുങ്ങിയത്. ഗുജറാത്ത് കച്ചിലെ മുദ്ര ബീച്ചിലാണ് രണ്ട് യുവാക്കള്‍ വാഹനവുമായി ഇറങ്ങിയത്. വെള്ളത്തിലേക്ക് വാഹനമോടിച്ചതിന് പിന്നാലെ ടയറുകള്‍ മണലില്‍ താഴ്ന്നു പോകുകയായിരുന്നു. തുടര്‍ച്ചയായി തിരയും കൂടി അടിച്ചതോടെ വാഹനം മണലില്‍ കൂടുതല്‍ ഇറക്കുകയായിരുന്നു.
വാഹനം വെള്ളത്തില്‍ നിന്ന് കരയില്‍ എത്തിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും യുവാക്കള്‍ പരാജയപ്പെട്ടു. ഒടുവില്‍ നാട്ടുക്കാരുടെ സഹായത്തോടെ രണ്ട് വാഹനങ്ങളും വലിച്ച് കരയ്ക്ക് എത്തിക്കുകയായിരുന്നു. വാഹനത്തിന്റെ വീല്‍ ആര്‍ച്ച് വരെ വെള്ളം മൂടിയ നിലയിലായിരുന്നു വാഹനം വെള്ളത്തില്‍ കിടന്നിരുന്നത്. വാഹനം പുറത്തെടുക്കാന്‍ തുടര്‍ച്ചയായി ശ്രമിച്ചതോടെ കൂടുതല്‍ മണലില്‍ താഴുകയായിരുന്നു. ഒടുവിലാണ് വാഹനത്തിലുണ്ടായിരുന്നവര്‍ നാട്ടുകാരൂടെ സഹായം തേടിയത്.
വാഹനം കരയ്ക്ക് എത്തിയതോടെയാണ് ശരിക്കുള്ള കഷ്ടകാലം ആരംഭിച്ചത്. നാട്ടുകാരുടെ രോക്ഷത്തിനൊപ്പം കേസാകുമെന്നും മനസിലാക്കിയ യുവാക്കാള്‍ വാഹനം ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് മുങ്ങി. എന്നാല്‍, സ്ഥാലം സന്ദര്‍ശിച്ച പോലീസ് ഉദ്യോഗസ്ഥര്‍ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് ഉടമകള്‍ക്കെതിരേ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് കേസ് എടുക്കുകയായിരുന്നു. ഇതുകൊണ്ടും കഴിഞ്ഞില്ല. അഭ്യാസത്തിന് ഉപയോഗിച്ച രണ്ട് വാഹനങ്ങളും കസ്റ്റഡിയിലും എടുത്തു.