KSDLIVENEWS

Real news for everyone

ഇസ്രായേലില്‍ വീണ്ടും ഇറാന്‍ ആക്രമണം; ബിര്‍ഷേബയില്‍ ഏഴുനില കെട്ടിടത്തില്‍ മിസൈല്‍ പതിച്ച്‌ ആറുമരണം

SHARE THIS ON

തെല്‍അവിവ്: തെഹ്‍റാനിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിലുടനീളം മിസൈല്‍ വര്‍ഷിച്ച് ഇറാൻ. ബിർഷേബയിൽ ഇറാൻ മിസൈൽ ഏഴുനില കെട്ടിടത്തിൽ പതിച്ച് ആറുപേര്‍ മരിച്ചതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇസ്രായേലും വൈനെറ്റ് ന്യൂസും റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് നീങ്ങാൻ ഇസ്രായേൽ നിർദേശം നൽകിയിട്ടുണ്ട്. തെൽ അവിവിലും മറ്റും സ്ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുണ്ട്.

ആക്രമണങ്ങൾക്കിടയിൽ ഇസ്രായേലിലുടനീളം സൈറണുകൾ മുഴങ്ങുകയാണ്. ഇറാനാണ് മിസൈല്‍ അയച്ചതെന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഇറാന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അതിനിടെ, ഇറാനും ഇസ്രായേലിനുമിടയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ ഇറാൻ തള്ളിയിട്ടുണ്ട്. നിലവിൽ ഏതെങ്കിലും നിലക്കുള്ള വെടിനിർത്തൽ നിർദ്ദേശം തങ്ങളുടെ മുന്നിലില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് ആരാഗ്ചി അറിയിച്ചു. സയണിസ്റ്റ് ശത്രുവിനുള്ള തിരിച്ചടിയുടെ ഭാഗമായി ആരംഭിച്ച സൈനിക ഓപ്പറേഷൻ ലക്ഷ്യം നേടും വരെ തുടരും. ഇസ്രായേൽ ആക്രമണം നിർത്തിയാൽ വെടിനിർത്തൽ പരിഗണിക്കുമെന്നും ഇറാൻ വ്യക്തമാക്കി. രാജ്യത്തെ സംരക്ഷിക്കാൻ സേന പ്രതിജ്ഞാബദ്ധമെന്നും ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഖത്തറിന്റെ സഹായത്തോടെയാണ് അമേരിക്ക ഇറാനുമായി ധാരണയിലെത്തിയതെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. 

ഇസ്രായേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ സംബന്ധിച്ച ട്രംപിന്റെ പ്രഖ്യാപനത്തെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇതുവരെ പ്രതികരിച്ചിട്ടില്ല. ചൊവ്വാഴ്ച പുലർച്ചെ വരെ നീണ്ടുനിന്ന സുരക്ഷാ കാബിനറ്റ് യോഗം നെതന്യാഹു വിളിച്ചുചേർത്തതായി ജറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. പരസ്യ പ്രസ്താവനകൾ നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം മന്ത്രിമാരോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇസ്രായേലിനെതിരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.

error: Content is protected !!