KSDLIVENEWS

Real news for everyone

ഇന്ത്യ ആത്മാഭിമാനം എന്തെന്ന് ഇറാനെ കണ്ടുപഠിക്കണം; അവര്‍ ആര്‍ക്കു മുന്നിലും തലകുനിച്ചിട്ടില്ലെന്നും സഞ്ജയ് റാവുത്ത്

SHARE THIS ON

മുംബൈ: സൈനികമായി കരുത്തരായ അമേരിക്കയോടും ഇസ്രായേലിനോടും നെഞ്ചുറപ്പോടെ പോരാടിയ ഇറാനെ പുകഴ്ത്തിയും കേന്ദ്ര സർക്കാറിനുനേരെ ഒളിയമ്പെയ്തും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത്. ആത്മാഭിമാനവും ധൈര്യവും എന്താണെന്ന് ഇറാൻ ലോകത്തിന് കാട്ടികൊടുത്തെന്നും ഇന്ത്യ ഇറാനെ കണ്ടുപഠിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങളുടെ ആണവ കേന്ദ്രങ്ങൾക്കുനേരെ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി ഖത്തറിലെ യു.എസ് വ്യോമതാവളത്തിനുനേരെ ഇറാൻ മിസൈലാക്രമണം നടത്തിയിരുന്നു. പിന്നാലെയാണ് റാവുത്തിന്‍റെ പ്രതികരണം. പ്രതിസന്ധിഘട്ടങ്ങളിലെല്ലാം ഇറാൻ എന്നും ഇന്ത്യക്കൊപ്പം നിലകൊണ്ട രാജ്യമാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. കശ്മീർ വിഷയത്തിലാണെങ്കിലും പാകിസ്താനുമായുള്ള സംഘർഷത്തിലാണെങ്കിലും ഇറാൻ എന്നും ഇന്ത്യക്കൊപ്പമായിരുന്നു.

നമ്മൾ ഇറാനെ കണ്ടുപഠിക്കണം. ആർക്കു മുന്നിലും അവർ തലകുനിച്ചിട്ടില്ലെന്നും റാവുത്ത് കൂട്ടിച്ചേർത്തു. ഇറാനിലെ അമേരിക്കൻ ബോംബാക്രമണത്തെയും ഇസ്രായേലിന്‍റെ പ്രകോപനത്തെയും അപലപിക്കാൻ തയാറാകാത്ത മോദി സർക്കാറിനുനേരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞദിവസം കോൺഗ്രസ് രംഗത്ത് വന്നിരുന്നു. ഇറാനിൽ സമാധാന ശ്രമങ്ങൾ നടത്തുന്നുവെന്ന യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വിമർശിച്ചു. ഇറാനുമായി അടിയന്തരമായി നയതന്ത്ര ചർച്ചയിൽ ഏർപ്പെടാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

error: Content is protected !!